2 കോടി രൂപ അനുവദിച്ചു
കൊട്ടാരക്കര: നെടുമൺകാവ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 2 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ചതിന് ഭരണാനുമതിയായി. കരീപ്ര ഗ്രാമപഞ്ചായത്തിലാണ് ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നതെങ്കിലും കരീപ്രയ്ക്ക് പുറമെ വെളിയം, നെടുമ്പന, പൂയപ്പള്ളി ഗ്രാമ പഞ്ചായത്തുകളിലുള്ളവർക്കും പ്രയോജനപ്പെടുന്നുണ്ട്. നിലവിൽ പരിമിതമായ കിടിത്തി ചികിത്സാ സൗകര്യമാണുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ കിടത്തി ചികിത്സ വിപൂലീകരിക്കാനാകും.
മെച്ചപ്പെട്ട സൗകര്യങ്ങളെത്തും
രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം വരുന്നതോടെ ആരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ മാറും. പുതിയ കെട്ടിടത്തിൽ പുരുഷൻമാരുടെയും സ്‌ത്രീകളുടെയും വാർഡുകൾ, ഐസൊലേഷൻ, എമർജൻസി, ഫിവർ വാർഡുകൾ, ടോയ്ലറ്റുകൾ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും.
നെടുമൺകാവ് ആരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് നിർമ്മാണ ജോലികൾ തുടങ്ങും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കെ.എൻ.ബാലഗോപാൽ, മന്ത്രി