എഴുകോൺ : നവീകരിച്ച എഴുകോൺ കാക്കകോട്ടൂർ കണ്ണാടിക്കുളവും കരീപ്ര തളവൂർക്കോണം പറങ്കി മാം വിള കുളവും മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു.
എഴുകോണിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.ആർ. ഉല്ലാസ്, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എസ്. ജയലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ എം.പി.പ്രീത, അഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ സ്വാഗതം പറഞ്ഞു.
കരീപ്രയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഗീത, അംഗങ്ങളായ പി.എസ്. പ്രശോഭ,വൈ.റോയി,ഷീജ, സന്തോഷ് സാമുവൽ തുടങ്ങിയവർ സംസാരിച്ചു.ഒരു പഞ്ചായത്തിൽ ഒരു കുളം എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ബഡ്ജറ്റിൽ തുക വകയിരുത്തിയാണ് കുളങ്ങൾ നവീകരിച്ചത്. കുളങ്ങളുടെ സംരക്ഷണത്തിനൊപ്പം ഭാവിയിൽ ഒത്തു ചേരലുകൾക്കുള്ള പൊതു ഇടമാകുന്ന ഹാപ്പിനസ് പാർക്കുകൾ എന്ന കാഴ്ചപ്പാടോടെയാണ് കുളങ്ങളുടെ നവീകരണം. ചെറുകിട ജലസേചന വകുപ്പാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. പറങ്കിമാം വിള കുളത്തിന് 28 ലക്ഷവും കണ്ണാടിക്കുളത്തിന് 18 ലക്ഷവുമാണ് ചെലവഴിച്ചത്.