പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ അടുത്ത അദ്ധ്യായന വർഷം നഴ്സിംഗ് കോളേജും പാരമെഡിക്കൽ കോഴ്സും ആരംഭിക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് ബി.എസ്.സി നഴ്സിംഗ് കോളേജും പാരമെഡിക്കൽ കോഴ്സും ആരംഭിക്കുന്നതെന്ന് പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സീ മെറ്റ് ഡയറക്ടർ അടങ്ങുന്ന സംഘം ഇന്നലെ ഗവ.താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി, സൗകര്യങ്ങൾ വിലയിരുത്തി. കോളേജ് ആരംഭിക്കുന്നതിനാവശ്യമായ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അടുത്ത അദ്ധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാൻ തിരുമാനിച്ചതെന്ന് പരിശോധക സംഘം അറിയിച്ചു.സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സീ മെറ്റ് നഴ്സിംഗ് ഡയറക്ടർ ഡോ.ആശ എസ്.കുമാർ,മുട്ടറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ജി.മിനി, പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനോയ് രാജൻ, വസന്തരഞ്ചൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാജി തരകൻ, എം.എൽ.എയുടെ പ്രതിനിധികളായ അനി. ബി.അജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു താലൂക്ക് ആശുപത്രി സന്ദർശിച്ചത്.