boat

കൊല്ലം: അറ്റകുറ്റപ്പണിക്കായി നീണ്ടകര യാർഡിലേക്ക് കൊണ്ടുവന്ന താങ്ങുവള്ളം (മോട്ടർ ഘടിപ്പിച്ച വള്ളം) കടലിൽ മുങ്ങി. ആറ് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30ഓടെ കൊല്ലം ബീച്ചിന് സമീപത്തായിരുന്നു അപകടം.

തിരുവനന്തപുരം കഠിനംകുളം സ്വദേശി എസ്.ശ്യാം(20), സഹോദരൻ എസ്.സുജിത് (22), പള്ളിത്തുറ സ്വദേശി എസ്.ലിയോ(!9), ചാന്നാങ്കര സ്വദേശി എം.സജീർ (40), കാസർകോട് കുമ്പള സ്വദേശി എ.അസീസ് (38), വർക്കല സ്വദേശി ബി.ഷാൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

തിരുവനന്തപുരം മുതലപ്പോഴി സ്വദേശി സനലിന്റെ ഉടമസ്ഥയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. നീണ്ടകരയിലുള്ള യാർഡിലേക്ക് ഇന്നലെ ഉച്ചയോടെയാണ് മുതലപ്പൊഴിയിൽ നിന്ന് വള്ളം പുറപ്പെട്ടത്. താന്നി ഭാഗത്ത് എത്തിയപ്പോൾ വള്ളത്തിൽ ചെറുതായി വെള്ളം കയറുന്നത് ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വേഗത്തിൽ കൊല്ലം പോർട്ടിൽ അടുപ്പിക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസമായി. ബീച്ചിന് സമീപം എത്തിയപ്പോഴേക്കും വള്ളത്തിന്റെ പകുതിയിലധികം വെള്ളം കയറി ഒരു വശത്തേക്ക് ചരിഞ്ഞു. ഉടൻ തൊഴിലാളികളിൽ ഒരാൾ നീണ്ടകര യാർഡിൽ ഫോണിലൂടെ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ വള്ളം മറിഞ്ഞു. വിവരമറിഞ്ഞ് ബോട്ടിൽ സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് ആറ് തൊഴിലാളികളെയും രക്ഷിച്ച് കരയിലെത്തിച്ചു.

കോസ്റ്റ് ഗാർഡ് അറിയിച്ച പ്രകാരം നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്ന ആംബുലൻസുകളിൽ തൊഴിലാളികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.