കൊല്ലം: ദേവപ്രശ്ന വിധി പ്രകാരമുള്ള രണ്ടാംഘട്ട പുനരുദ്ധാരണം പൂർത്തിയാക്കി അനുപപ ആത്മീയ ചാരുതയിലാണ് പോളയത്തോട് മുണ്ടയ്ക്കൽ അമൃതുകുളങ്ങര ശ്രീ. മഹാദേവ ക്ഷേത്രം. ക്ഷേത്ര ശില്പകലയുടെ സമാനതകളില്ലാത്ത ആവിഷ്കാരം കൂടിയാണ് ഇവിടെ പൂർത്തിയായ ചുറ്റമ്പലവും ഉപദേവാലയങ്ങളും ഗുരുമന്ദിരവും കൊടിമരവും.
ചുറ്റമ്പലത്തിന്റെ പൂമുഖച്ചുവരിൽ മഹാദേവന്റെ അംഗരക്ഷരായ പരശുപാണിയും ശൂരപാണിയും ദ്വാരപാലകരായുണ്ട്. ബലിക്കൽപ്പുരയും മഹാബലിക്കല്ലും കടക്കുമ്പോൾ പുതുതായി ചെമ്പിൽ തീർത്ത കൊടിമരത്തിന് മുന്നിലെത്തും. ചുറ്റമ്പലത്തിന്റെ പുറം ചുവരുകളാകെ മനോഹര ശില്പങ്ങളാണ്. ചുറ്റമ്പത്തിനുള്ളിലാണ് ഗണപതി, ഭുവനേശ്വരി, ഭദ്രകാളി ദേവതകൾക്കുള്ള പുതിയ ആലയങ്ങൾ. ചുറ്റമ്പലത്തിന് പുറത്താണ് യോഗീശ്വരൻ, രക്ഷസ്, മാടൻസ്വാമി, സർപ്പദൈവങ്ങൾ എന്നിവരുടെ ആലയങ്ങൾ. ക്ഷേത്ര ശ്രീകോവിലിന്റെ കതക്, കട്ടിള, സോപാനം എന്നിവ പിത്തള പതിച്ച് മനോഹരമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ അഗ്നികോണിൽ, ഗുരുദേവൻ പണ്ട് വിശ്രമിച്ചിരുന്നിടത്ത് തന്നെയാണ് പുതിയ ഗുരുമന്ദിരം തീർത്തിരിക്കുന്നത്. ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹമാണ് പുതുതായി പ്രതിഷ്ഠിക്കുന്നത്. നിര്യാതി കോണിലാണ് പെരുമാൾ സ്വാമിയുടെ സമാധി മന്ദിരം. ദേവ പ്രശ്ന വിധികാരം നേരത്തെ ശ്രീകോവിൽ പുനരുദ്ധരിച്ചിരുന്നു. ശ്രീകോവിൽ അതേപടി നിലനിറുത്തി ഏകദേശം ഒരു കോടി രൂപ ചെലവിലാണ് ഇപ്പോൾ രണ്ടാംഘട്ട പുനരുദ്ധാരണം പൂർത്തിയാക്കിയിരിക്കുന്നത്. വർക്കല തങ്കപ്പൻ ആചാരിയാണ് ക്ഷേത്ര സ്ഥപതി. കാവനാട് സതീഷ് കുമാറാണ് ചുറ്റമ്പലത്തിന്റെയും ഉപദേവാലയങ്ങളുടെയും കൊടിമരത്തിന്റെയും ശില്പി. ഗുരുദേവന്റെയും ഉപദേവന്മാരുടെയും പ്രതിഷ്ഠ ഈമാസം 22നും ധ്വജ പ്രതിഷ്ഠയും ചുറ്റമ്പലത്തിന്റെ സമർപ്പണവും 25നും നടക്കും.
അമൃതുകുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ഒരു നൂറ്റാണ്ട് മുൻപ് കുടിപ്പള്ളിക്കൂടവും പെരുമാൾ സ്വാമിയുടെ ആശ്രമവും ഉണ്ടായിരുന്നു. ദേശസഞ്ചാരത്തിനിടയിൽ കൊല്ലത്ത് വരുമ്പോൾ ഗുരുദേവൻ പെരുമാൾ സ്വാമിയുടെ ആശ്രമത്തിൽ വിശ്രമിക്കും. ഒരിക്കൽ ആശ്രമത്തിൽ തങ്ങിയ ഗുരുദേവൻ പെരുമാൾ സ്വാമിയുമൊത്ത് തൊട്ടടുത്തുള്ള അമൃതുകുളത്തിൽ സ്നാനം ചെയ്യുന്നതിനിടെ മഹാദേവന്റെ വിഗ്രഹം കൈയിൽ തടഞ്ഞു. ഗുരുദേവന്റെ നിർദ്ദേശപ്രകാരം പെരുമാൾ സ്വാമി മഹാദേവന്റെ വിഗ്രഹം മുങ്ങിയെടുത്ത് പ്രതിഷ്ഠ നടത്തിയതാണ് അമൃതുകുളങ്ങര മഹാദേവ ക്ഷേത്രമെന്നാണ് ഐതിഹ്യം.