
കിളികൊല്ലൂർ: കത്തിക്കയറുന്ന മീനച്ചൂടിൽ മങ്ങാട്, കിളികൊല്ലൂർ ഭാഗങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക്.
800ൽ അധികം കുടുംബങ്ങളാണ് വലയുന്നത്. മങ്ങാട് ഹൈസ്‌കൂൾ പരിസരം, അറുനൂറ്റിമംഗലം, ചുവട്താങ്ങിമുക്ക്, കിരാലുവിള, കല്ലുംതാഴം, എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി.
കൊപ്പാറമുക്കിലെ പമ്പ് ഹൗസ് തകരാറിലായതും മങ്ങാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച കുഴൽകിണറിൽ സ്ഥാപിക്കാനുള്ള മോട്ടോറും മറ്റ് സാമഗ്രികളും എത്താൻ വൈകുന്നതുമാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ടാകാൻ കാരണം. മങ്ങാട് ഹൈസ്‌കൂളിന് സമീപവും അറുന്നൂറ്റിമംഗലം ഭാഗത്തെയും വീടുകളിലെ കിണറുകൾ വറ്റി. നിലവിൽ കിരാലുവിള ഭാഗത്ത് മാത്രമാണ് ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. മറ്റ് ഭാഗങ്ങളിൽ പ്രശ്ന പരിഹാരത്തിന് ഇതുവരെ നടപടിയായിട്ടില്ല. നിലവിൽ മൂന്നു ദിവസത്തിലൊരിക്കൽ വാട്ടർ അതോറിട്ടിയുടെ പൈപ്പിലൂടെ വരുന്ന വെള്ളമാണ് പ്രദേശങ്ങളിലെ വീട്ടുകാരുടെ ഏക ആശ്രയം. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം തികയുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പലരും ദൂരെയുള്ള ബന്ധുവീടുകളിൽ നിന്ന് വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് ഒരു പരിധിവരെ മുന്നോട്ട് പോകുന്നത്. ഉയർന്ന വില നൽകി സ്വകാര്യ ടാങ്കറുകളിൽ നിന്ന് വെള്ളം വിലയ്ക്ക് വാങ്ങുന്നവരുമുണ്ട്.
ആശങ്കയുമുണ്ട്!
വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെയാണ് മങ്ങാട് ഹൈസ്‌കൂൾ പരിസരം, അറുന്നൂറ്റിമംഗലം തുടങ്ങിയിടങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായത്. ഇനിയുള്ള നാളുകളിൽ അവസ്ഥ വളരെ മോശമാകുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറിൽ എത്തിച്ചു നൽകും. കൊപ്പാറമുക്കിലെ പമ്പ് ഹൗസ് തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. മങ്ങാട് ഹൈസ്‌കൂളിലെ കുഴൽ കിണറിൽ സ്ഥാപിക്കാനുള്ള മോട്ടോർ ഗുജറാത്തിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. ഇതോടെ കുടിവെളളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരം ആകും
ആശ ബിജു,
അറുന്നൂറ്റി മംഗലം കൗൺസിലർ