പുന്നല :പുലിയുടെ സാന്നിദ്ധ്യം സംശയിച്ച പുന്നലയിലെ ജനവാസ മേഖലയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കാണാനായില്ലെന്ന് വനപാലകർ പറയുന്നു. പുന്നലയിൽ നിന്ന് പൂർണ വളർച്ചയെത്തിയ ആടിനെ കടിച്ചു കൊണ്ടു പോയ സംഭവത്തെ തുടർന്നാണ് പ്രദേശത്ത് 4 കാമറകൾ സ്ഥാപിച്ചത്. ഒരു മാസം മുമ്പ് രണ്ട് തവണ പുലിയെ കണ്ടതായി വിവരം ലഭിച്ച പുന്നല കനാലിന് അപ്പുറത്തെ വശവും ചേർത്ത് പുന്നല ,അമ്പനാർ ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധികളിലാണ് കാമറകൾ വച്ചത്.
പട്രോളിംഗ് ശക്തമാക്കി
കാമറകളിൽ പുലി പതിഞ്ഞില്ലെങ്കിലും അധിക സുരക്ഷ എന്ന നിലയിൽ കൂട് സ്ഥാപിക്കാൻ ഡി.എഫ്. ഒ സ്‌റ്റേറ്റ് വൈൽഡ് വാർഡന് കത്ത് അയച്ചിട്ടുണ്ട്. ഇതിനിടയിലും പ്രദേശത്ത് രാത്രിയിലുൾപ്പടെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പുന്നല പത്തനാപുരം സ്‌റ്റേഷനുകൾക്ക് പുറമെ അഞ്ചൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമും പട്രോളിംഗിൽ പങ്കെടുക്കുന്നു.
വന്യമൃഗങ്ങൾക്ക് പുറമെ കാട്ടുതീയും വെല്ലുവിളി
കാട്ടുമൃഗങ്ങളിൽ നിന്ന് ജനത്തെ രക്ഷിക്കുന്ന ദൗത്യത്തിന് പുറമെ കാട്ടുതീയും വനപാലകർക്ക് വെല്ലുവിളിയാണ്.വരൾച്ച കാട്ടുതീയുടെയും കാലമായതിനാൽ അപൂർവമായെങ്കിലും ചിലർ കാടിന് തീ കൊളുത്തുന്നതായുള്ള സംശയങ്ങൾ വനം വകുപ്പിനുണ്ട്. വന്യമൃഗങ്ങളെ തുരത്താൻ തീ സഹായകരമാകുമെന്ന ചിന്തയിൽ നിന്നാണ് ഈ പ്രവണത ഉടലെടുക്കുന്നതെന്ന് വനപാലകർ പറയുന്നു. ഉൾവനത്തിലേക്ക് പടരുന്ന തീ വനസമ്പത്തിന് കടുത്ത ഭീഷണിയാകുമെന്നതിനാലാണ് വനപാലകർ ഇരട്ട ജാഗ്രത പുലർത്തുന്നത്.