കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 84 വയസുകാരിക്ക് നടത്തിയ പേസ്‌​മേക്കർ ശസ്ത്രക്രിയ വിജയകരം. കൊല്ലം എഴുകോൺ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌​മേക്കർ ഘടിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. ചികിത്സയിൽ പങ്കാളികളായ മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരെയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.

ഹൃദയമിടിപ്പ് കുറഞ്ഞ് ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്‌​മേക്കർ ഘടിപ്പിച്ചത്. സാധാരണ പ്രായാധിക്യമുള്ളവരിൽ അപൂർവമായേ ഈ ചികിത്സാരീതി നടത്താറുള്ളു.

ഈ സർക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിച്ചത്. കാത്ത് ലാബിലൂടെ 1500 ആൻജിയോഗ്രാമും 1000 ആൻജിയോ പ്ലാസ്റ്റിയും പത്ത് പേസ്‌​മേക്കറും നടത്തിയിട്ടുണ്ട്.

കാർഡിയോളജി വിഭാഗം മേധാവി ഡോ.പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തി​യത്.