dd
കൊല്ലം പള്ളിത്തോട്ടം റോഡിലെ റേഷൻകടയ്ക്ക് മുന്നിൽ ഓടകവിഞ്ഞ് ഒഴുകി കെട്ടിക്കിടക്കുന്ന മലിനജലം

കൊല്ലം: പള്ളിത്തോട്ടം റോഡിലെ റേഷൻകടയ്ക്ക് മുന്നിൽ ഓട കവിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നതിന് ഉടൻ പരിഹാരം കാണുമെന്ന് മേയർ പ്രസന്ന എണസ്റ്റ് അറിയിച്ചു. മേയറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സൂപ്രണ്ടിംഗ് എൻജിനിയർ, അസിസ്റ്റന്റ സൂപ്രണ്ടിംഗ് എൻജിനിയർ എന്നിവരുമടങ്ങിയ സംഘം കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.

ഓടയുടെ വാട്ടർ ലെവൽ പരിശോധിച്ച് വെള്ളം ഒഴുക്കിവിടുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കാൻ മേയർ സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദ്ദേശം നൽകി. പ്രധാന തടസം എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറഞ്ഞു. പ്രദേശവാസികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒടയ്ക്കുവേണ്ടി 30 ലക്ഷം രൂപയുടെ പ്രൊജക്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ പറഞ്ഞു. നിലവിലെ ഓട കൊല്ലം തോടുമായി​ ബന്ധി​പ്പി​ക്കും. ഓടയോട് ചേർന്ന് മഴക്കുഴി നിർമ്മിച്ചിട്ടുണ്ട്. ഇത് നിറഞ്ഞാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. അടുത്ത ദിവസങ്ങളിൽ ഓട വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സമീപത്തെ സ്കൂളിൽ നിന്ന് വരുന്ന വെള്ളമാണ് ഒാട നിറയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും കോർപ്പറേഷൻ അധികൃതർ ഇത് നിഷേധിച്ചു. പള്ളിത്തോട്ടം ഡിവിഷനിലെ തോപ്പ് സ്‌കൂളിന് സമീപത്തെ 38-ാം നമ്പർ റേഷൻ കടയുടെ മുന്നിലാണ് ആറ് മാസത്തിലധികമായി മലിനജലം കെട്ടിക്കിടക്കുന്നത്. ദുർഗന്ധം പതി​വായി​ ശ്വസി​ക്കേണ്ടി​വന്ന കടയുടമ, അണുബാധയെത്തുടർന്ന് ചികിത്സ തേടിയിരുന്നു. റേഷൻ കടയിൽ വരുന്നവർക്കു മലിനജലത്തിൽ ചവിട്ടി സാധനം വാങ്ങേണ്ട സ്ഥിതിയാണ്.