കൊട്ടാരക്കര: കഴിഞ്ഞ 15 വർഷമായി കടത്തിണ്ണയിൽ അന്തിയുറങ്ങിയ കാഴ്ചയില്ലാത്ത വൃദ്ധന് സ്നേഹത്തണലോരുക്കി കലയപുരം ആശ്രയ സങ്കേതം. നെയ്യാറ്റിൻകര സ്വദേശിയായ കുഞ്ഞുമോനെ(75)ആണ് ആശ്രയ സങ്കേതം ഏറ്റെടുത്തത്. വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ കുഞ്ഞുമോൻ നെല്ലിക്കുന്നം അമ്പലപ്പുറം റോഡിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു താമസിച്ചിരുന്നത്. കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ട്
പോകുന്നതിനിടെയാണ് ഒരു വർഷം മുൻപ് കാഴ്ച നഷ്ടപ്പെട്ടത്. പ്രായാധിക്യത്തെ തുടർന്നുണ്ടായ അവശത കൂടിയതോടെ പരസഹായമില്ലാതെ കുഞ്ഞുമോന് മുന്നോട്ടു പോകാനാകാത്ത അവസ്ഥയായി. അയാളുടെ ദയനീയ കഥ അറിഞ്ഞ് സങ്കേതം കുഞ്ഞുമോനെ ഏറ്റെടുക്കുകായിരുന്നു. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, വാർഡ് മെമ്പർ ശ്രീജിത് , മറ്റു പൊതു പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് കുഞ്ഞുമോനെ ഏറ്റെടുത്തു.