ശാസ്താംകോട്ട: ആദർശ് പദവി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വികസനം വിദൂരത്ത്. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ല.
1 ) മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകൾ
ഒന്നര കിലോമീറ്ററോളം നീളമുള്ള പ്ലാറ്റ്ഫോമിൽ 100 മീറ്ററിൽ താഴെ മാത്രമാണ് മേൽക്കൂരയുള്ള ഭാഗം. പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലും ഏറ്റ് നിൽക്കേണ്ട അവസ്ഥയാണ്.
2) പ്ലാറ്റ്ഫോമിൽ വെളിച്ചമില്ല
പ്രഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും പരിമിതമാണ്. പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്താണ് ആകെയുള്ള വിശ്രമമുറി. രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതാണ് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വരുന്നതിന് തൊട്ടുമുമ്പു മാത്രമാണ് വെളിച്ചം തെളിയുന്നത്. സന്ധ്യ സമയങ്ങളിൽ പ്ലാറ്റ്ഫോമിൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നതും പതിവാണ്.
3) പല ട്രെയിനുകൾക്കും സ്റ്റോപ്പില്ല
ആലപ്പുഴ ഭാഗത്തേക്ക് പോകാനുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. മാവേലി, ഏറനാട്, ഇന്റർസിറ്റി, തിരുപ്പതി തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും റിസർവേഷന് പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തുകയും , പ്രത്യേക ബുക്കിംഗ് ക്ലാർക്കിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
4)ബസ് സർവീസ് ഇല്ല , വലഞ്ഞ് യാത്രക്കാർ
തെക്കും ഭാഗം,തേവലക്കര, പന്മന, പടിഞ്ഞാറേ കല്ലട, കിടക്കേ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട ,പോരുവഴി, ശൂരനാട് തെക്ക്,ശൂരനാട് വടക്ക് ,കുന്നത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്ത് നിന്നും വൈകുന്നേരങ്ങളിൽ തിരികെ എത്തുന്ന വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ രാത്രിയിൽ വിജനമായ റോഡിലൂടെ നടന്ന് ഒരു കിലോമീറ്റർ അകലെയുള്ള പ്രധാന റോഡിലേക്ക് എത്തണമെന്നതും വലിയ വെല്ലുവിളിയാണ്. രാവിലെയും വൈകിട്ടും കരുനാഗപ്പള്ളി - ഭരണിക്കാവ് റൂട്ടിലെയും ചവറ - ഭരണിക്കാവ് റൂട്ടിലെയും ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. ശാസ്താംകോട്ടയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.