knb

കൊല്ലം: വിഷുവിന് മുമ്പ് സംസ്ഥാനത്ത് മൂന്ന് ഗഡു ക്ഷേമപെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കോട്ടായിക്കോണത്ത് എഴുകോൺ -കല്ലട റോഡ് നവീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഒരു ഗഡു പെൻഷൻ വിതരണം തുടരുകയാണ്.

അടുത്ത രണ്ട് ഗഡുക്കൾ വിഷുവിന് മുമ്പ് കൊടുത്തുതീർക്കും. റോഡ് വികസനത്തിൽ എന്നപോലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതര വികസന ക്ഷേമ പ്രവർത്തനങ്ങളിലും വലിയ മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം സുമലാൽ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.