കാെട്ടാരക്കര: താഴത്തുകുളക്കട ഡി.വി.യു.പി സ്കൂളിൽ കിളികൾക്കായി വാട്ടർ ബെൽ. കുട്ടികൾ ആരോഗ്യ സംരക്ഷണത്തിനായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതി സ്കൂളിൽ കാര്യക്ഷമമാണ്. ഇതിനൊപ്പമാണ് വേനൽക്കാലത്ത് ദാഹിച്ചുവലയുന്ന കിളികൾക്കായും കുടിവെള്ള വിതരണ സംവിധാനമൊരുക്കിയത്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി മരച്ചില്ലകളിലും തൂണുകളിലുമടക്കം ചട്ടികൾ തൂക്കിയാണ് കുടിവെള്ളം ഒഴിച്ചുവയ്ക്കുന്നത്. ഓരോ ക്ളാസിനും ഓരോ ചട്ടികളുടെ ചുമതല നൽകി. കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമുണർത്തി കിളികളെത്തി. ആവോളം വെള്ളം കുടിക്കുന്നത് കാഴ്ചക്കാർക്ക് രസാനുഭവമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ടി.എൻ.ഹേമന്ത്, പി.ടി.എ പ്രസിഡന്റ് ഗിരീഷ്.കെ.കുമാർ, ആർ.സുരേന്ദ്രൻ പിള്ള, പി.ടി.ഇന്ദുകുമാർ, എ.അജി, എൻ.മോഹനൻ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും കുടിവെള്ളം ചട്ടിയിൽ എത്തിക്കുവാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.