കൊല്ലം: ജില്ലയിൽ എക്‌സൈസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരിശോധനകൾ ഊർജിതമാക്കണമെന്നും ജില്ലാ കളക്ടർ എൻ.ദേവിദാസ്. കളക്ടറുടെ ചേംബറിൽ ചേർന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയെന്ന പ്രത്യേകത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കാലത്ത് മദ്യവും മറ്റു നിരോധിത ലഹരി ഉത്പന്നങ്ങളും ജില്ലയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ഇത് കണക്കിലെടുത്ത് തെങ്കാശിയിൽ വച്ച് രണ്ട് പ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളും കാനന പാതകളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
എല്ലാ നിയോജകമണ്ഡലങ്ങളിലും ഷിഫ്ട് അടിസ്ഥാനത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വീഡിയോ സർവൈലൻസ്, 150 പേർ അടങ്ങുന്ന ഫ്‌ളയിംഗ് സ്‌ക്വാഡുകൾ പരിശോധനകൾ നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തന്നെ എക്‌സൈസും മറ്റ് വകുപ്പുകളും പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ എക്സൈസ് -പൊലീസ്- ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.