 
താക്കോൽദാനം ഇന്ന് വൈകിട്ട് 3.30ന്
പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം ഒറ്റത്തയ്യിൽ വീട്ടിൽ നിർദ്ധനയായ ഷൈലജയ്ക്കും മക്കൾക്കും വീടെന്ന സ്വപ്നം പൂവണിഞ്ഞു. പ്രാഥമികാവശ്യങ്ങൾ പോലും സ്വയം നിറവേറ്റാൻ കഴിയാത്ത ഭിന്നശേഷിക്കാരായ,മുട്ടുകാലിൽ ഇഴഞ്ഞ് നടക്കുന്ന മുതിർന്ന മക്കളുമായി
ടാർപ്പാ വലിച്ച് കെട്ടിയ ഒറ്റമുറി ഷെഡ്ഡിൽ കാടുപിടിച്ച ചതുപ്പ് സ്ഥലത്ത്, ഇഴജന്തുക്കളെയും തെരുവ് നായ്ക്കളെയും ഭയന്ന് ചൂടും ,തണുപ്പും സഹിച്ച് നരക തുല്യമായ ജീവിതമായിരുന്നു ഷൈലജ അനുഭവിച്ചിരുന്നത്. വീട് വെക്കാൻ സർക്കാരിൽ നിന്ന് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ചആദ്യഘട്ട തുക കൊണ്ട് ഫൗണ്ടേഷൻ പണി പോലും പൂർത്തീകരിയ്ക്കുവാൻ പറ്റാത്തസാഹചര്യത്തിലാണ് ഈ കുടുംബത്തെക്കുറിച്ചുള്ള വാർത്ത കേരളകൗമുദി "ഒറ്റമുറി ഷെഡ്ഡിൽ വഴിമുട്ടി ജീവിതം, നിരങ്ങി നീങ്ങുന്ന മക്കളുമായി ഒരമ്മ"എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട കല്ലട സൗഹൃദം കൂട്ടായ്മ സുമനസുകളുടെ സഹായത്തോടെയും ലൈഫ് ഭവന പദ്ധതി പ്രകാരം കിട്ടുവാനുള്ള ബാക്കി തുകയും സമാഹരിച്ച് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. കല്ലട സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3. 30ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽദാന കർമ്മം കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കലയപുരം ജോസ് നിർവഹിക്കും. കൂട്ടായ്മ പ്രസിഡന്റ് ചൂളൂത്തറ ശിവകുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ സ്വാഗതവും രക്ഷാധികാരി ഉമ്മൻ രാജു ആമുഖപ്രസംഗവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഉപഹാര സമർപ്പണവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ, ജെ.അംബിക കുമാരി, ഓമനക്കുട്ടൻ പിള്ള, കേരളകൗമുദി കല്ലട ലേഖകനും ഭരണസമിതി അംഗവുമായ അനിൽ തോപ്പിൽ, അംബേദ്കർ ബോട്ട് ക്ലബ് സെക്രട്ടറി രാകേഷ് ആലും മൂട്ടിൽ, കൂട്ടായ്മ ട്രഷറർ ധനേഷ് പുളിന്താനം എന്നിവർ സംസാരിക്കും. ഷൈലജ മറുമൊഴിയും കൂട്ടായ്മ വൈസ് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ നന്ദിയും പറയും.