പ്രതിഷ്ഠാകർമ്മം: 22 ന്
ക്ഷേത്ര സമർപ്പണം:28 ന്
കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് തുറയിലെ ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. പൂർണമായും കൃഷ്ണശിലയിൽ ഒരുക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണം 2016 ൽ ആണ് ആരംഭിച്ചത്. തമിഴ്നാട്,രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കൃഷ്ണ ശില കൊണ്ടുവന്നത്. ശ്രീകാേവിൽ, ചുറ്റമ്പലം ഉപദേവതാ ക്ഷേത്രങ്ങൾ എന്നിവയുടെ മേൽക്കൂരകൾ ചെമ്പ് തകിടുകൾ പാകിയാണ് നിർമ്മിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി ഉപയോഗിച്ച പിങ്ക് നിറത്തിലുള്ള രാജസ്ഥാൻ കല്ലുകളും, തേക്കുമരം ,പ്ലാവ് എന്നിവയും ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അഷ്ടമംഗല ദേവപ്രശ്നം നടത്തിയതിനുശേഷമാണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയത്. അപൂർവമായി മാത്രം കാണുന്ന അഷ്ടകോണോടുകൂടിയ ശിവലിംഗരൂപത്തിലാണ് ദേവി പ്രതിഷ്ഠ. ചുറ്റമ്പലത്തിനുള്ളിൽ തന്നെയാണ് ഗണപതി,ശാസ്താവ് എന്നീ ഉപദേവതമാരുടെ ക്ഷേത്രവും വരുന്നത്.ശിവൻ, കൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, മാടൻ, യോഗീശ്വരൻ, യക്ഷിയമ്മ എന്നീ ഉപദേവതമാർക്ക് ചുറ്റമ്പലത്തിന് പുറത്താണ് ക്ഷേത്രങ്ങൾ ഒരുക്കുന്നത്. കുളത്തിനോട് ചേർന്നാണ് നാഗരാജാവും നാഗങ്ങളും കുടികൊള്ളുന്നത്.
കേരള തച്ചുശാസ്ത്രത്തിന്റെ നിർമ്മാണ ചാരുത
കേരള തച്ചുശാസ്ത്ര വിധിപ്രകാരമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രം കാണുന്ന ശാലാകൂടം എന്ന നിർമ്മാണ രീതിയിലാണ് ക്ഷേത്രത്തിന്റെ ഭിത്തികളും മറ്റും നിർമ്മിക്കുന്നത്. ബലിക്കൽപ്പുര,വലിയമ്പലം, നമസ്കാരമണ്ഡപം, ശ്രീകോവിൽ,ചുറ്റമ്പലം എല്ലാംതന്നെ പൗണാരിക ക്ഷേത്രങ്ങളിൽ കാണുന്ന രീതിയിൽ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.ഗർഭഗൃഹത്തോടുകൂടിയതാണ് ശ്രീകോവിൽ. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിന്റ രണ്ട് സ്തംഭങ്ങൾ 14 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗജവ്യാളി രൂപത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ദ്വാരപാലികമാരും ഒറ്റക്കല്ലിൽ ആണ് തീർത്തിരിക്കുന്നത്. ബലിക്കൽപ്പുരയിലെ ആറ് തൂണും വലിയമ്പലത്തിലെ രണ്ടു തൂണുകളും മൂലസ്ഥാനത്തിന്റെ ഭഗവതി രൂപത്തോട് കൂടിയ രണ്ട് തൂണുകളും രാജസ്ഥാൻ കല്ലുകൊണ്ടാണ് പണിതിരിക്കുന്നത്. കൂടാതെ ഏകദേശം ഏഴേമുക്കാൽ മീറ്ററിൽ ഒറ്റത്തടി പ്ലാവിലാണ് മൂലസ്ഥാനത്തിന്റെ ഭിത്തികൾ നിർമ്മിച്ചിട്ടുള്ളത്.ഇതിൽ പുരാണ ഇതിഹാസങ്ങളിലെ കഥകൾ കൊത്തിവച്ചിട്ടുണ്ട്. നമസ്കാരമണ്ഡപത്തിന്റെ നാലുതൂണുകളിലും മച്ചിലും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇരുനിലകളോടുകൂടിയതാണ് വലിയമ്പലം. കൃഷ്ണശിലയിൽ തന്നെയാണ് ക്ഷേത്രത്തിന്റെ നടവഴികളും നിർമ്മിക്കുന്നത്. കൂടാതെ ക്ഷേത്രത്തിന് മുന്നിൽ പേരാലിൻ ചുവട്ടിൽ വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ കഴിഞ്ഞിരുന്ന ശങ്കരൻ എന്ന കാളയ്ക്കുള്ള ആദരസൂചകമായി രാജസ്ഥാൻ കല്ലിൽ ശങ്കരന്റെ രൂപവും നിർമ്മിച്ചിട്ടുണ്ട്.ചുറ്റുമതിലിനുള്ളിൽ കളിമണ്ണും നെല്ലിപ്പലകയും ഉപയോഗിച്ച് ഉരുളിയുടെ മാതൃകയിൽ കിണറും തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർണമായും തൃശൂരിൽ നിന്നുള്ള ശില്പി സുനിൽകൃഷ്ണയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.