കെ.എസ് പുരം : കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം ഭാഗത്തെ നാട്ടുകാർക്ക് ഭീഷണിയായി തെരുവ് നായ്‌ക്കൾ. നിരവധി പേരെയാണ് നായ‌്‌ക്കൾ ഓടിച്ചിട്ട് കടിച്ചത്.ചിലർക്ക് കടിയേറ്റതിന് പുറമെ പ്രാണഭയത്തിലുള്ള ഓട്ടത്തിൽ വീണ് ഒടിവും ചതവും സംഭവിച്ചു. കുട്ടികളും സ്‌ത്രീകളും തനിയെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. പട്ടിപെറ്റു കിടന്ന കുറ്റിക്കാടിന് സമീപത്ത് കൂടെ അറിയാതെ യാത്ര ചെയ്‌ത ചിലരെ നായ്‌ക്കൂട്ടം വളഞ്ഞിട്ട് കടിച്ചു പറിച്ചു.
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മുറ്റത്ത് കുളിപ്പിക്കവെ പരസ്‌പരം കടിപിടി കൂടിയ ശേഷം ശൗര്യത്തോടെ എത്തിയ നായ്‌ക്കൂട്ടത്തിന്റ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഓടിക്കയറി വാതിലടച്ചു. ക്രൗര്യമടങ്ങാത്ത നായ്‌ക്കൂട്ടം മുറ്റത്ത് ഉപേക്ഷിച്ചു പോയ കുഞ്ഞിന്റെ വസ്‌ത്രങ്ങൾ കടിച്ചു കീറി. വേലി ചാടിയാണ് നായ്‌ക്കൾ പുരയിടത്തിൽ കയറുന്നത്. വേലിയുടെ വാതിൽ ഭാഗത്ത് വലകൾ വിരിച്ചെങ്കിലും അതും കടിച്ചു കീറി. പരിസരത്തെ ഒരു വീട്ടുപുരയിടത്തിലെ കുളത്തിൽ മിക്കപ്പോഴും എത്തുന്ന നായ്‌ക്കൂട്ടം കുളി കഴിഞ്ഞാണ് ആക്രമണകാരികളാകുന്നത്.
പ്രദേശത്തെ വീട്ടമ്മ
ദേശീയപാതയോട് ചേർന്നു കിടക്കുന്ന പുത്തൻതെരുവ് -വവ്വാക്കാവ് ഭാഗം നീലികുളം വാർഡിൽ ഉൾപ്പെടുന്നു.എ.ബി.സി പദ്ധതി പ്രകാരം മറ്റ് സ്ഥലങ്ങളിൽ നിന്ന് പിടികൂടി വന്ധീകരിക്കപ്പെട്ട നായ‌്‌ക്കളെ ഈ പ്രദേശത്ത് തുറന്നു വിട്ടതായി സംശയമുണ്ട്. ഒരു സുപ്രഭാതത്തിൽ നൂറോളം പട്ടികളെ ഇവിടെ കണ്ടെത്തി. പെറ്റുപെരുകിയാലും ഇത്രയും വർദ്ധനവ് അസാദ്ധ്യമാണ്.അതി രാവിലെ ട്യൂഷനും പള്ളിയിൽ മതപഠന ശാലയിലും പോകുന്ന കുട്ടികൾ ഭയപ്പാടിലാണ്.
ദീപക് എസ് ശിവദാസ്
ഏഴാം വാർഡ് മെമ്പർ
അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി വന്ധീകരണം നേരത്തെ കുലശേഖരപുരം പഞ്ചായത്തിലെ മൃഗാശുപത്രിയോട് ചേർന്നു നടത്തിയിരുന്നു.എന്നാൽ ചട്ടങ്ങൾ പുതുക്കി സി.സി.ടി.വി ഉൾപ്പടെ സ്ഥാപിക്കണെമന്ന പരിഷ്‌കരണം വന്നതോടെ പുതിയ സെന്റ സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായി. അതിനാൽ ഓച്ചിറ ബ്‌ളോക്കിൽ ഉൾപ്പെടുന്ന എല്ലാ പഞ്ചായത്തുകളും ചേർന്നു തഴവയിൽ സംയുക്ത കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത് ഉടൻ പൂർത്തിയാകും. പഞ്ചായത്ത് ഇതിനായി 10 ലക്ഷം നീക്കി വെച്ചിട്ടുണ്ട്.
മിനിമോൾ നിസാം
കുലശേഖരപുരം പഞ്ചായത്ത്
പ്രസിഡന്റ്.