t
ഭജനമഠം ജംഗ്ഷനിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ

പാരിപ്പള്ളി: പരവൂർ- പാരിപ്പള്ളി റോഡിൽ ഭജനമഠം മുക്കി​ൽ മഴക്കാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കലുങ്ക് പുനർ നിർമ്മിക്കണമെന്ന ആവശ്യത്തിന് കരുത്തേറുന്നു.

കച്ചവട സ്‌ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി നാശനഷ്‌ടങ്ങൾ സംഭവിക്കുന്നുണ്ട്. തൊട്ടടുത്തുള്ള തെറ്റികുളത്തും സമാന സ്ഥിതിയാണ്. ദുരിതം അനുഭവിക്കുന്നവരെ മുൻകാലങ്ങളിൽ പഞ്ചായത്ത്‌ ഇടപെട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി​യിരുന്നു. വെള്ളം ഒഴുകി​മാറാൻ, തെറ്റികുളത്തു നി​ന്നാരംഭിച്ച് ഇന്ത്യൻ ഓയിൽ പമ്പിനു സമീപത്തുകൂടി​ ചെനയത്ത് അവസാനിക്കുന്ന കനാൽ മുമ്പുണ്ടായി​രുന്നു. ഇത് മഴക്കാലത്ത് പ്രദേശത്തി​ന് വലിയ ആശ്വാസമായിരുന്നു. ഈ കനാൽ ചിറക്കര കല്ലുവാതുക്കൾ പഞ്ചായത്തുകളുടെ ഭാഗമാണ്. എന്നാൽ പഞ്ചായത്തുകളുടെ അനാസ്ഥ മൂലം പുതുക്കിപ്പണി​ഞ്ഞി​ല്ല. ഇതോടെ എക്കൽ അടിഞ്ഞ് ഒഴുക്ക് നിലച്ചതും വെള്ളക്കെട്ടി​ന് കാരണമായി.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാർ സംഘടിച്ചപ്പോഴാണ്, എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ശ്രമഫലമായി കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 22 കോടി ചെലവിട്ട് ചാത്തന്നൂർ പാരിപ്പള്ളി റോഡി​ൽ ടാറിംഗ് ആരംഭിച്ചത്. എന്നാൽ, ഭജനമഠം ജംഗ്ഷനിൽ കോൺഗ്രസ്‌ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പണി തടസപ്പെടുത്തി. വെള്ളക്കെട്ടിന് പരിഹാരമാവുന്ന കനാൽ കൂടി​ പുനരുദ്ധരിച്ചു കൊണ്ടു പണി തുടർന്നാൽ മതിയെന്നായി​രുന്നു പ്രതി​ഷേധക്കാരുടെ നി​ലപാട്.

കനാൽ മൂടി​യത് സ്വകാര്യ വ്യക്തി​

പാരിപ്പള്ളി പൊലീസ് സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് കനാലിന്റെ പണി തുടങ്ങാൻ, ആ ഭാഗം ഒഴിവാക്കി ടാർ ചെയ്യാൻ തീരുമാനിച്ചു. എം.പിയുടെ നിർദ്ദേശ പ്രകരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ കനാലിനോട് ചേർന്ന ഭാഗങ്ങളി​ൽ പരിശോധന നടത്തിയപ്പോൾ ഒരു വ്യക്തി കോൺക്രീറ്റ് ചെയ്‌തു കനാൽ മൂടിയിരിക്കുന്നത് കണ്ടെത്തി. എന്നാൽ ഈ കോൺക്രീറ്റ് പൊളിക്കാതെ ടാറിംഗ് പുനരാരംഭിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കനാൽ നിർമ്മിക്കാതെ ടാറിംഗ് തുടർന്നാൽ വോട്ട് ബഹിഷ്കരി​ക്കുമെന്നാണ് നാട്ടുകാരുടെ മുന്നറി​യി​പ്പ്.

നാളെ സർവേ നടത്തും

ചിറക്കര, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശവാസികളും കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ നാളെ സംയുക്ത സർവേ നടത്തി കളക്‌ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കാൻ തീരുമാനമെടുത്തു.

തെറ്റിക്കുളം ഭാഗത്തു നിന്ന് ആരംഭിക്കുന്ന കനാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹരമാണ്. കനാലിന്റെ പണി നടത്താതെ ടാറിംഗ് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചിലർ കൈയടക്കി വച്ചിരിക്കുന്ന ഭാഗത്തുൾപ്പെടെ കനാൽ നി​ർമ്മാണം പൂർത്തി​യാക്കണം


എസ്.വി. ബൈജുലാൽ,
കോൺഗ്രസ്‌ ചിറക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌