കൊല്ലം: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു.
കൊല്ലം ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അകാരണമായി അദ്ധ്യാപകരെ പിരിച്ചുവിടുന്ന പ്രവണത ഏറിവരുകയാണ്. അംഗപരിമിതരായ സ്ത്രീകൾക്ക് നേരെ ശാരീരിക - സാമ്പത്തിക ചൂഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ആവശ്യമായ ഇടപെടൽ ഉറപ്പാക്കും. ഗാർഹിക പീഡന പരാതിയിൽ ഉൾപ്പെട്ട ശേഷം വിദേശത്തേക്ക് കടന്നുകളയുന്ന പ്രവണതയും വർദ്ധിച്ചു. ഇവർക്കെതിരെ നോർക്ക മുഖേന തുടർനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു.
അദാലത്തിൽ 26 കേസുകൾ തീർപ്പാക്കി. രണ്ടെണ്ണം റിപ്പോർട്ടിനായി അയച്ചു. 51 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ആകെ 79 കേസുകളാണ് പരിഗണിച്ചത്. വനിതാ കമ്മിഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ഹേമ ശങ്കർ, ബെച്ചി കൃഷ്ണ, സീനത്ത്, കൗൺസിലർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.