കൊല്ലം: കമ്മിഷണർ ഓഫീസിന് സമീപത്തെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയ്ക്കും പെൺമക്കൾക്കും നേരെ ഭർത്താവിന്റെ വധശ്രമമെന്ന് പരാതി. വർഷങ്ങളായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണിവർ. കമ്പിവടി കൊണ്ടാണ് ആക്രമിച്ചത്. മുമ്പും ഇത്തരത്തിൽ ആക്രമിച്ചതായി പറയുന്നു. ഇവർ താമസിക്കുന്ന ഫ്ളാറ്റും എസ്.പി ഓഫീസും തമ്മിൽ ഒരുമതിൽ വ്യത്യാസമേയുള്ളു. എന്നിട്ടും പൊലീസ് ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു.
എന്നാൽ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നെന്നും അപ്പോൾത്തന്നെ എസ്.ഐ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തിയെന്നും ഈസ്റ്റ് എസ്.ഐ പറഞ്ഞു. ഈ സമയം സ്ത്രീയുടെ ഭർത്താവ് സംഭവസ്ഥലത്ത് ഇല്ലായിരുന്നു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തില്ല. മദ്യപാനിയായ ഭർത്താവ് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് സ്ഥിരമാണെന്നും ഇയാളെ ലഹരി വിമുക്തി കേന്ദ്രത്തിലാക്കാൻ പൊലീസ് സഹായിക്കാമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ സഹകരിച്ചില്ലെന്നും പൊലീസ് പറയുന്നു.