കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ എത്തിക്കാൻ ശാഖാ ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു.
യോഗത്തിന്റെ സാമൂഹ്യക്ഷേമ സമാഹരണത്തിന്റെ ഭാഗമായി യൂണിയൻ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ശാഖാ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തിന്റെ മഹത്തായ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് സാമൂഹ്യ ക്ഷേമനിധി സമാഹരണം. സമുദായത്തിന്റെ താഴേത്തട്ടിലുള്ളവരെ സഹായിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയത മനസിലാക്കി സ്വന്തം ജീവിതത്തിൽ പകർത്താൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്ക് വേണ്ടി അനവരതം പോരാടുന്ന കേരളകൗമുദി പത്രത്തെ സംരക്ഷിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് അംഗം എസ്.സലിം കുമാർ, കേരളകൗമുദി ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേർ എച്ച്.അജയകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, ടി.ഡി.ശരത്ത്ചന്ദ്രൻ, ബി.ശ്രീകുമാർ, വിനോദ് കുമാർ, അനിൽ ബാലകൃഷ്ണൻ, ബിജു കല്ലേലിഭാഗം, കെ.രാജൻ, വനിതാ സംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി എന്നിവർ സംസാരിച്ചു.