 
കൊല്ലം: തുടർച്ചയായ പൈപ്പ് പൊട്ടൽ മൂലം കുണ്ടും കുഴിയുമായ പ്ലാമൂട്- ഊറാംവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ. കട്ടച്ചൽ- ചാത്തന്നൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ചാത്തന്നൂരിലെത്താതെ ദേശീയപാതയിൽ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനുള്ള കുറുക്ക് വഴിയാണ് പ്ലാമൂട് - ഊറാംവിള റോഡ്. ടോറസ് ലോറി ഉൾപ്പെടെ ഇടതടവില്ലാതെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്.
റോഡിലുണ്ടാകുന്ന സമ്മർദ്ദം മൂലം റോഡിന്റെ മദ്ധ്യത്തിലുള്ള ജലവിതരണ പൈപ്പുകൾ നിരന്തരം പൊട്ടുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. അറ്റകുറ്റപ്പണികൾക്കായി റോഡ് വെട്ടിപ്പൊളിച്ച് മണ്ണിട്ട് നികത്തി അതിനുമുകളിൽ സിമന്റിട്ടടയ്ക്കുകയാണ് പതിവ്. ഇതിനു മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻഗർത്തങ്ങളായി മാറുന്നു. കോടികൾ മുടക്കി നിർമ്മിച്ച റോഡ് സംരക്ഷിക്കാൻ നടപടി ഉണ്ടാവണമെന്ന് സിറ്റിസൺ ഫോറം പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.