കൊല്ലം: മൺറോത്തുരുത്തിനെയും പെരുങ്ങാലത്തെയും ബന്ധിപ്പിക്കുന്ന കൊന്നയിൽക്കടവ് പാലത്തിന്റെ നിർമ്മാണത്തിനായി രണ്ട് കമ്പിനികൾ രംഗത്ത്. രണ്ട് ടെണ്ടറുകളിൽ ഏറ്രവും കുറഞ്ഞത് എസ്റ്റിമേറ്റിനെക്കാൾ പത്ത് ശതമാനത്തിൽ താഴെയാണെങ്കിൽ രണ്ട് മാസത്തിനുള്ളിൽ കരാറിലേക്ക് കടക്കും.
ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനം കൂടുതലാണെങ്കിൽ സർക്കാരിന്റെ അംഗീകാരം വാങ്ങേണ്ടി വരും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും എറണാകുളം ആസ്ഥാനമായുള്ള ജിയോ ഫൗണ്ടേഷൻസുമാണ് ടെണ്ടർ സമർപ്പിച്ചത്. ഫെബ്രുവരി 2ന് ക്ഷണിച്ച ആദ്യ ടെണ്ടറിൽ ഊരാളുങ്കൽ മാത്രമാണ് പങ്കെടുത്തത്. ഇതിനെ തുടർന്ന് നടത്തിയ റീ ടെണ്ടറിലാണ് ഒരു കമ്പിനി കൂടിയെത്തിയത്. 2018ൽ കരാർ ഒപ്പിട്ട് പാലം നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ തടസം നേരിട്ടതോടെ കരാറുകാരൻ സ്ഥലംവിട്ടു. എസ്റ്റിമേറ്റ് പരിഷ്കരിച്ചാണ് വീണ്ടും ടെണ്ടർ ക്ഷണിച്ചത്. 175 മീറ്രർ നീളത്തിലും പത്ത് മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. മദ്ധ്യഭാഗത്തെ സ്പാൻ 32 മീറ്റർ നീളത്തിലായിരിക്കും. 23.9 മീറ്റർ നീളമാണ് ബാക്കി ആറ് സ്പാനുകൾക്കുള്ളത്. ഇപ്പോഴത്തെ ടെണ്ടർ കരാറായാൽ മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.