കൊല്ലം: വീട് വിറ്റതിന്റെ ഓഹരിത്തുക നൽകാത്തതിലുള്ള വിരോധത്തിൽ പിതാവിനെ കൊലപ്പെടുത്തിയ മകനെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. കോയിവിള പാവുമ്പ കുറവരുതെക്കതിൽ അജയഭവനത്തിൽ അച്യുതനെ (75) കൊലപ്പെടുത്തിയതിന് മകൻ മനോജ് കുമാറാണ് (37) റിമാൻഡിൽ കഴിയുന്നത്. തെക്കുംഭാഗം പൊലീസാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. പാവുമ്പ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ വച്ച് മനോജ് പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റുകിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ട് അച്യുതനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇവർ അച്യുതനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മനോജ് സമ്മതിച്ചില്ല. പൊലീസ് എത്തിയാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി വെള്ളിയാഴ്ച പുലർച്ചെ 12.45 ഓടെ മരിച്ചു. പ്രതിയെ സംഭവസ്ഥലത്ത് നിന്നാണ് പിടികൂടിയാണ്.
എസ്.ഐ മണിലാലിന്റെ നേതൃത്വത്തിൽ മറ്റ് എസ്.ഐമാരായ സലീം, രാജേഷ്, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അച്യുതന്റെ ഭാര്യ പരേതയായ ചന്ദ്രമതി. മറ്റൊരു മകൻ: അജയകുമാർ.