കൊല്ലം: ഭാര്യാസഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊറ്റങ്കര പണ്ടാരക്കുളത്തിന് സമീപം കുമ്പളത്ത്‌വിള കിഴക്കതിൽ രാജീവിനെയാണ് (34) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. ദൃക്സാക്ഷിയായ പ്രതിയുടെ ഭാര്യ അനുമോൾ മജിസ്ട്രേറ്റ് മുമ്പാകെ കൊടുത്ത മൊഴിമാറ്റിപ്പറയുകയും ഇവരെ പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു. കോടതിക്ക് മുമ്പാകെ വ്യാജതെളിവ് നൽകാൻ ശ്രമിച്ച കുറ്റത്തിന് അനുമോൾക്കെതിരെ പ്രത്യേക നിയമനടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.
2018 മാർച്ച് 6നായിരുന്നു സംഭവം. കൊറ്റാങ്കര മഠത്തിവിള വീട്ടിൽ അജിത്താണ് (32) കൊല്ലപ്പെട്ടത്. സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞിരുന്ന മൂന്നുലക്ഷം രൂപ പ്രതിയായ രാജീവിന് നൽകാതെ പകരം സഹോദരി അനുമോളുടെയും മൈനറായ മകളുടെയും പേരിൽ വീടും സ്ഥലവും വാങ്ങിക്കൊടുത്തു. ഇത് പ്രതിക്ക് അജിത്തിനോട് വിരോധമുണ്ടാക്കി. വിവാഹസമയത്ത് നൽകിയ സ്വർണം പ്രതി വിറ്റുനശിപ്പിച്ചതുകൊണ്ടാണ് അജിത്ത് പണം പ്രതിയെ ഏൽപ്പിക്കാതിരുന്നത്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അജിത്ത് സഹോദരിയെ കാണാൻ വാടക വീട്ടിൽ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. സഹോദരിക്കായി കൊണ്ടുവന്ന സാധനങ്ങൾ പ്രതി എടുത്തെറിയുകയും ഇത് ചോദ്യം ചെയ്ത അജിത്തിനെ വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായ സിസിൻ.ജി.മുണ്ടയ്ക്കൽ, അഡ്വ. ജിതിൻ രവീന്ദ്രൻ എന്നിവർ ഹാജരായി. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർമാരായ ഡി.പങ്കജാക്ഷൻ,ആർ.വിനോദ് ചന്ദ്രൻ, ഡി.ഷിബു കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. ഡബ്ല്യു.സി.പി.ഒ മഞ്ചുഷയാണ് പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചത്.