കൊല്ലം: പോളിംഗ് തീയതി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നീണ്ടത് സ്ഥാനാർത്ഥികളെയും പാർട്ടി പ്രവർത്തകരെയും വലിയ പ്രതിസന്ധിയിലാക്കിയായിരിക്കുകയാണ്. കടുത്ത വേനൽ സഹിച്ച് കൂടുതൽ നാൾ വോട്ട് തേടണം. പണച്ചെലവും ഉയരും. നേരത്തെയെഴുതിയ ചുവരുകൾ മങ്ങിയാൽ മിനുക്കേണ്ടി വരും. തിളങ്ങിതന്നെ നിൽക്കാൻ പുതിയ പോസ്റ്ററുകളും അച്ചടിക്കേണ്ടി വരും. എങ്കിലും തളരില്ലെന്ന് പറയുകയാണ് സ്ഥാനാർത്ഥികൾ.
ജനങ്ങളുടെ ഹൃദയം തൊട്ടറിയാം
സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുപ്പ് തീയതിക്ക് കാലദൈർഘ്യം വർദ്ധിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ വോട്ടർമാരെ കാണാനാകും. അവരുടെ പ്രശ്നങ്ങൾ വിശദമായി കേൾക്കാൻ സമയം കിട്ടും. ജനങ്ങളുടെ ഹൃദയം തൊട്ടറിയാം. പാർട്ടി പ്രവർത്തകർക്കും വോട്ടർമാരെ പലതവണ കാണാനുള്ള അവസരം ലഭിക്കും. വിജയപ്രതീക്ഷയുണ്ട്.
എൻ.കെ.പ്രേമചന്ദ്രൻ,യു.ഡി.എഫ് സ്ഥാനാർത്ഥി, കൊല്ലം ലോക്‌സഭ മണ്ഡലം
പ്രചാരണത്തിന് കൂടുതൽ സമയം തിരഞ്ഞടുപ്പ് പ്രചാരണത്തിനും കൂടുതൽ സമയം കിട്ടി. ഒരു മണ്ഡലത്തിലെ പ്രചാരണം മൂന്ന് ദിവസമാണെങ്കിൽ, അത് നാലോ അഞ്ചോ ദിവസമായി നീട്ടാം. ജനങ്ങളിലേക്ക് കൂടുതൽ എത്താൻ അത് സഹായകരമാകും. തീയതി നീണ്ടത് തിരഞ്ഞെടുപ്പിന്റെ ആവേശത്തെ ഒട്ടും ബാധിക്കില്ല. ഇതുവരെയുള്ള പ്രചാരണം ആത്മവിശ്വാസം തരുന്നതാണ്. എൽ.ഡി.എഫ് വരേണ്ടത് ഒരാവശ്യമാണെന്ന തോന്നൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഇരട്ടിയായിട്ടുണ്ട്. എം.മുകേഷ് എൽ.ഡി.എഫ് സ്ഥാനാർത്ഥി, കൊല്ലം ലോക്‌സഭ മണ്ഡലം