
എഴുകോൺ: ദേശീയപാതയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. എഴുകോൺ കോളന്നൂർ ചിറക്കോണത്ത് വീട്ടിൽ ലാലിന്റെ ഭാര്യ എസ്.സബിതയാണ് (34, ജവഹർ യു.പി.എസ്, ആയൂർ) ശനിയാഴ്ച വൈകിട്ട് 5.30 ഓടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ എഴുകോൺ ജംഗ്ഷനിൽ വച്ച് സബിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ആയൂരിലെ സ്കൂളിൽ നിന്ന് എഴുകോണിലെത്തിയ ശേഷം കോളന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബിത. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സിവിൽ പൊലീസ് ഓഫീസറായിരുന്ന സബിത ഒരു വർഷം മുമ്പാണ് രാജിവച്ച് അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചത്. മൺറോത്തുരുത്ത് പെരിങ്ങാലം സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൾ: കാശ്മീര. സഹോദരങ്ങൾ: രാജേഷ്, സജിത.