തഴവ: വനമേഖലകളോട് ചേർന്ന ഗ്രാമങ്ങളിൽ മാത്രം ശല്യക്കാരായിരുന്ന കാട്ടുപന്നികൾ കുലശേഖരപുരം കുറുങ്ങപ്പള്ളിയിലുമെത്തിയത് നാട്ടുകാരേ ഭീതിയിലാക്കുന്നു. കുറുങ്ങപ്പള്ളി കുമ്പഴതെക്കേത്തറയിൽ ഉത്തമനാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വീട്ടുവളപ്പിൽ കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്. നായ്ക്കൾ കൂട്ടത്തോടെ തുടർച്ചയായി കുരച്ച് ബഹളം കൂട്ടിയതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് നാലോളം വലിയ പന്നികൾ പുരയിടത്തിലൂടെ കടന്നുപോകുന്നത് കണ്ടത്. എതാനും ദിവസം മുൻപ് രാത്രി കൊറ്റംപള്ളി മൂശാരിഅയ്യത്ത് രാധാകൃഷ്ണന്റെ വീടിന് മുന്നിലെ ചെറിയ റോഡിലൂടെ പന്നിക്കൂട്ടം കടന്നു പോയിരുന്നു .സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച മുൻ വനം വകുപ്പ് ജീവനക്കാർ ഇവ കാട്ടുപന്നികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേ പന്നിക്കൂട്ടത്തേ തന്നെയാണ് കുറുങ്ങപ്പള്ളിയിലും കണ്ടെത്തിയിരിക്കുന്നത്.

നാട്ടുകാ‌ർ ഭീതിയിൽ

പ്രദേശത്തെ ആളൊഴിഞ്ഞ പുരയിടങ്ങളിൽ പന്നിക്കൂട്ടം പതിയിരിപ്പുണ്ടെന്ന വാർത്ത പടർന്നതോടെ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ഭീതിയിലായിരിക്കുകയാണ്.