
റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 13 വർഷം
കൊല്ലം: തൃക്കരുവ ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയായ മഞ്ചാടിമുക്ക്-വയലിക്കട മുക്ക് റോഡ്
പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കാൻ തുടങ്ങിയിട്ട് 13 വർഷത്തോളമായിട്ടും റോഡ് നവീകരിക്കാൻ തയ്യാറാകാതെ അധികൃതർ. ടാറിളകി റോഡിൽ പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പൊടിശല്യവും രൂക്ഷമാണ്. രാവിലെ പോലും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. മഞ്ചാടിമുക്ക് മുതൽ ഏകദ്ദേശം 700 മീറ്ററോളമാണ് ഇത്തരത്തിൽ തകർന്ന് കിടക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാരടക്കമുള്ളവർക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുകയാണ് ഇതുവഴിയുള്ള യാത്ര. എത്രയും വേഗം ഇതിനൊരു പരിഹാരം കാണെണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടങ്ങൾ പതിവ്
റോഡിനിരുവശത്തും 60ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം പലപ്പോഴും ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ ഇതുവഴി വരാറില്ല. സ്‌കൂളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാർത്ഥികൾ ഭയത്തോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിൽ ചിന്നിച്ചിതറി കിടക്കുന്ന മെറ്റലുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇറക്കമുള്ള പ്രദേശമായതിനാൽ വാഹനങ്ങളുമായെത്തുന്നവർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്.
മഴപെയ്താൽ റോഡ് തോടാകും
മഴ പെയ്താൽ റോഡ് തോടുപോലെയാകും. ചെളിയടിയുന്നതോടെ യാത്ര കൂടുതൽ ദുഷ്കരമാകും. റോഡിന്റെ അവസ്ഥ മോശമായതിനെ തുടർന്ന് പ്രദേശവാസികൾ വയലിൽകട മുക്ക് ഭാഗത്ത് കെട്ടിടാവശിഷ്ടങ്ങളും മറ്റും കൊണ്ടിട്ട് കുഴികൾ മൂടിയിരുന്നു. എന്നാൽ ഇത് യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായില്ല. പലതവണ പഞ്ചായത്തിലും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും റോഡ് എന്ന് നവീകരിക്കുമെന്ന് അറിയില്ലെന്നാണ് അധികൃതർ പറയുന്നത്.
റോഡിന്റെ നവീകരണത്തിനായുള്ള ടെണ്ടറായി. ജലജീവൻ പദ്ധതിയുടെ പണികൾ പൂർത്തിയായ ശേഷം റോഡ് പണി മെയ് മാസത്തോടെ തുടങ്ങും. പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടക്കുക.
ദിവ്യ ഷിബു
മെമ്പർ
വടക്കേക്കര വാർഡ്