 
കരുനാഗപ്പള്ളി: തകർന്ന കോൺക്രീറ്റ് മേൽക്കൂരയും ജനൽപ്പാളികളും പൊട്ടിപ്പൊളിഞ്ഞ ചുമരുകളും. ക്ലാപ്പന 15-ം വാർഡിലെ താമരശ്ശേരിൽ മനോഹരന്റെ വീട് കണ്ടാൽ പേടി തോന്നും. ഏത് നിമിഷവും തകർന്ന് വീണേക്കാവുന്ന വീടിനുള്ളിൽ സ്വസ്ഥമായി കിടന്നുറങ്ങാനാവില്ല. മഴക്കാലമായാൽ വീടിനുള്ളിൽ ദുരിതങ്ങളുടെ ഘോഷയാത്രയാണ്. പുറത്തും അകത്തും ഒരുപോലെ മഴ പെയ്യും. ഇഴ ജന്തുക്കൾ കയറിഇറങ്ങും. നേരം വെളുക്കും വരെ ഉറങ്ങാതെ ഇരിക്കണം. മനോഹരനും രോഗിയായ ഭാര്യയും അരക്കെട്ടിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട മകനും മകളുടെ മകനും ആണ് ഈ കുടുംബത്തിലെ അംഗങ്ങൾ. ജനലും വാതിലും പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. മകന്റെയും ചെറുമകന്റെയും ഫിസിയോതൊറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പണമില്ലാത്തതിനാൽ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
ലൈഫിൽ പരിഗണിച്ചില്ല
ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ പല തവണ ലൈഫ് വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും നാളിതു വരെ പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ നൽകിയ അപേക്ഷയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ നിർദ്ധന കുടുംബം. വെയിലും മഴയും മഞ്ഞും ഏൽക്കാതെ ഒരു ദിവസമെങ്കിലും സ്വസ്ഥമായി കിടന്ന് ഉറങ്ങണമെന്നാണ് മനോഹരന്റെ ഭാര്യ ശ്രീമതിയുടെ ആഗ്രഹം.
ക്ഷേമപെൻഷൻ മുടങ്ങിയതോടെ പട്ടിണിയിൽ
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ തുറക്ക് സമീപം പഞ്ചാരത്തോപ്പിലായിരുന്നു മനോഹരൻ താമസിച്ചിരുന്നത്. കടം കയറി മുങ്ങിയപ്പോൾ ഉണ്ടായിരുന്ന ഭൂമി വിറ്റ് കടം വീട്ടി. ശേഷിച്ച പണം കൊണ്ട് ക്ലാപ്പന 15-ം വാർഡിൽ 6 സെന്റ് സ്ഥാലം വാങ്ങി. . മത്സ്യഫെഡിൽ നിന്ന് ലഭിച്ച 35000 രൂപ ചെലവഴിച്ചാണ് ഇപ്പോഴത്തെ വീട് നിർമ്മിച്ചത്. വീട് അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ ബലക്ഷയം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ മനോഹരന്റെ വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയമായത്. പ്രായാധിക്യം മൂലം ഇപ്പോൾ പണിക്ക് പോകാൻ കഴിയുന്നില്ല. ക്ഷേമപെൻഷൻ മാത്രമാണ് ഏക ആശ്രയം. ക്ഷേമപെൻഷൻ മുടങ്ങിയതോടെ വീട് അർദ്ധ പട്ടിണിയിലായി. ബന്ധുക്കളുടെ സഹായത്താലാണ് ഇപ്പോൾ ദിവസങ്ങൾ തള്ളി നീക്കുന്നത്.