
കൊട്ടിയം: കുടുംബശ്രീ സംരംഭങ്ങളിലൂടെ സംമ്പാദിച്ച പണം സ്വരുക്കൂട്ടിവച്ച് വിമാനയാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഒരുസംഘം കുടുംബശ്രീ പ്രവർത്തകർ. സംരംഭകരും, കർഷകരുമടങ്ങുന്ന 30 അംഗ സംഘമാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിമാനത്തിൽ പറന്ന് സ്വപ്ന യാത്ര നടത്തിയത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഷേർളി സ്റ്റീഫന്റെയും സി.ഡി.എസ് കമ്മിറ്റിയുയുടയും നേതൃത്വത്തിൽ പെബിൾ ടൂർ ഓപ്പറേറ്റർ മാത്യു പുല്ലിച്ചിറയുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. കുടംബശ്രീ സംരംഭമായി ആദിച്ചനല്ലൂരിൽ ഡേ കെയർ സെന്ററും പ്ലേ സ്‌കൂളും നടത്തുന്ന സിന്ധുവും തമിഴ്‌നാട്ടിൽ നിന്നുമെത്തി കുടുംബശ്രീ സംരംഭമായി ചായക്കടയും ബേക്കറിയും നടത്തി ജീവിതം കരുപ്പിടിപ്പിച്ച ജയലക്ഷ്മിയും സംഘത്തിലുണ്ടായിരുന്നു 13ന് രാവിലെ 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിൽ കണ്ണൂരിലേക്കായിരുന്നു യാത്ര. ഇ.കെ.നായനാരുടെ പയ്യാമ്പലം ബീച്ചിലെ സ്മൃതിമണ്ഡപവും മുത്തപ്പൻ ക്ഷേത്രവും കണ്ണൂർ കോട്ടയും സന്ദർശിച്ച സംഘം കണ്ണൂരിലെ വൈവിധ്യമാർന്ന രുചിയേറിയ ഒട്ടേറെ വിഭവങ്ങളും കഴിച്ച് രാത്രി ഏഴിന് കണ്ണൂരിൽ നിന്നും ട്രെയിനിലാണ് കൊല്ലത്തേക്ക് മടങ്ങിയത്.