കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം, ഇടമൺ ഗ്രീൻഫീൽഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലിനും നിർമ്മാണത്തിനും കാലതാമസമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ നടപടികൾ കാരണമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുൾപ്പടെ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന് ലോകസഭയിൽ ഉന്നയിച്ച ആവശ്യത്തിന്‌ കേന്ദ്ര മന്ത്രി ജനറൽ ഡോ.വിജയ്കുമാർ സിംഗ്‌രേഖാമൂലം നൽകിയ മറുപടിയിലാണ് വിവരം അറിയി​ച്ചത്. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ട​ത്. സംസ്ഥാന സർക്കാരിനെ വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെ​ട്ടു. ജി.എസ്.ടിയിൽ നിന്നും റോയാലിറ്റിയിൽ നിന്നും സംസ്ഥാനം പദ്ധതിയെ ഒഴിവാക്കണമെന്നുള്ള നിർദ്ദേശംകേന്ദ്രം മുന്നോട്ടു വ​ച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്രദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രിയും കേരള മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയുടെ സെക്രട്ടറിയുമായി യോഗം ചേർ​ന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നാളിതുവരെയായി കേന്ദ്ര സർക്കാരിന് മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ മറുപടി ലഭിച്ചാൽ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാക്കുവാൻ കഴിയുകയുള്ളുവെന്നും കേന്ദ്ര മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ രേഖാമൂലം അറിയിച്ചു.