
കൊല്ലം: മുൻവിരോധത്തെ തുടർന്ന് മദ്ധ്യവയസ്കനെ മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ.
മീനാട് മാർക്കറ്റിന് സമീപം ജോയ് നിവാസിൽ ജോഷ് (46)എന്നയാളെ സംഘം ചേർന്ന് മർദ്ദിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങളായ മീനാട് വയലിൽ വീട്ടിൽ മനു(35), മനോജ്(33) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്.
ഫെബ്രുവരി 26 ന് വൈകിട്ട് മീനാട് ശാസ്താ ക്ഷേത്രത്തിന് സമീപത്ത് വച്ച് ജോഷിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുനിറുത്തി മർദ്ദിക്കുകയും പ്രതിയായ മനു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് ജോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഒളിവിൽ പോയതിനാൽ പിടികൂടാൻ സാധിച്ചില്ല.
തെരച്ചിൽ ഊർജ്ജിതമാക്കിയതോടെ കഴിഞ്ഞ ദിവസം ഇരുവരും പൊലീസിന്റെ പിടിയിലായി.
ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദീപു, ഷാജി എ.എസ്.ഐ സജി സി.പി.ഒമാരായ കണ്ണൻ, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.