f

പേരയം: പേരയം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ നടപ്പാക്കുന്ന 'വുമൺ സേഫ് ' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര നിർവഹിച്ചു. പ്രായപൂർത്തിയായ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെയുള്ള വനിതകൾക്ക് സാനിട്ടറി പാഡിന് പകരമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതിയാണ് വുമൺ സേഫ്. ഒരാൾക്ക് പത്ത് വർഷം വരെ ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 700 പേർക്കാണ് പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ ആവശ്യമായ മുഴുവൻ വനിതകൾക്കും വിതരണം ചെയ്യും. ഉപഭോക്താക്കൾക്കായി വിദഗ്ദ്ധ ഡോക്ടർമാർ ബോധവത്കരണ ക്ലാസുകൾ നടത്തും. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷയായി. സ്ത്രീ രോഗ വിദഗ്ദ്ധ ഡോ.രജനി ബോധവത്കരണ ക്ലാസ് നയിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സ്റ്റാഫോർഡ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ഷാജി, ബിനോയി ജോർജ്ജ്, വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് സെക്രട്ടറി ജി.ജ്യോതിഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ഷീജ ഫിലിപ്പ് എന്നിവർ സംസാരിച്ചു.