2 കോടിയുടെ നിർമ്മാണം
കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിലെ കാരൂരിൽ കളിസ്ഥലമൊരുങ്ങുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് കളിസ്ഥലം നിർമ്മിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം നിർമ്മിക്കുവാൻ മന്ത്രി മുൻകൈയെടുത്ത് പദ്ധതി തയ്യാറാക്കുകയും തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ കാരൂർ കളിസ്ഥലം മന്ത്രി സന്ദർശിച്ചിരുന്നു. കാടുമൂടി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായി ഇവിടം മാറിയിരുന്നു. പരിമിതികളെല്ലാം മാറ്റി അത്യാധുനിക സംവിധാനങ്ങളോടെ കളിസ്ഥലം ഒരുക്കാനാണ് പദ്ധതി തയ്യാറാക്കിയത്.
അനുബന്ധ സൗകര്യങ്ങളും
വിവിധ കായിക പരിശീലനത്തിനും മത്സരങ്ങൾക്കും ഉപകരിക്കുംവിധമാണ് കളിസ്ഥലം സജ്ജമാക്കുക. ഓപ്പൺ ജിം, പ്രഭാത-സായാഹ്ന സവാരികൾക്കുള്ള പാത, ലഘുഭക്ഷണശാല, ബഡ്മിന്റൺ കോർട്ട് എന്നിവയും അനുബന്ധമായുണ്ടാകും.
നിർമ്മാണോദ്ഘാടനം
കാരൂർ കളിസ്ഥലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ഗ്രാമ-ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കായിക അഭിരുചിയുള്ളവർക്ക് പരിശീലനത്തിന് വേണ്ടുന്ന സൗകര്യം ഒരുക്കുകയാണ്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം നിർമ്മിക്കും. കായിക വിനോദത്തിന് പുറമെ വ്യായാമത്തിനുള്ള സൗകര്യങ്ങൾകൂടിയാണ് ഒരുക്കുക.
കെ.എൻ.ബാലഗോപാൽ, മന്ത്രി