പുനലൂർ: വേനൽ രൂക്ഷമായതോടെ വെന്തുരുകി ജില്ലയുടെ കിഴക്കൻ മലയോര മേഖല. പുനലൂരിലും സമീപ പ്രദേശങ്ങളിലും ഇന്നലെ 38.06 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച 39.08 ഡിഗ്രി വരെ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

ചൂട് രൂക്ഷമായതോടെ രാവിലെ 11ന് മുമ്പ് പട്ടണം വിജനമാകും. പിന്നീട് വൈകിട്ട് അഞ്ചോടെയാണ് ജനങ്ങൾ അത്യാവശ്യത്തിന് ടൗണിലെത്തുന്നത്. ഇതിനൊപ്പം പുനലൂർ നഗരസഭ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലെ കരവാളൂർ, തെന്മല, പിറവന്തൂർ, വിളക്കുടി, ആര്യങ്കാവ് എന്നീ പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായി. നഗരസഭ പ്രദേശങ്ങളിൽ വാഹനങ്ങളിൽ ശുദ്ധജലം എത്തിക്കുന്നുണ്ടെങ്കിലും പഞ്ചായത്തുകളിൽ ജലവിതരണം വൈകുകയാണ്. കല്ലട ഇറിഗേഷന്റെ ഇടത്, വലത്കര കനാലുകൾ വഴി വേനൽക്കാല ജലവിതരണം ആരംഭിച്ചതോടെ പ്രദേശവാസികൾക്ക് ജലക്ഷാമം നേരിടേണ്ടി വരുന്നില്ല. എന്നാൽ ഉപകനാലുകൾ വഴിയുള്ള ജലവിതരണം പൂർണതോതിൽ എത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.