shibu

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൺവെഷനുകളിൽ നിറഞ്ഞ് യു.ഡി.എഫ് കൊല്ലം ലോക്‌സഭ മണ്ഡലം യു.ഡി.ഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. ഒന്നാംഘട്ട പ്രചാരണങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കൺവെൻഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്.

ഇന്നലെ അഞ്ചൽ, ചടയമംഗലം, പുനലൂർ എന്നിവിടങ്ങളിലെ കൺവെൻഷനുകളിലാണ് എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തത്. ചടയമംഗലത്തെ കൺവെൻഷൻ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. അഞ്ചലിലും പുനലൂരിലും നടന്ന കൺവെൻഷനുകൾ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർ കൺവെൻഷനുകളിൽ സംസാരിക്കാനെത്തി. ജനങ്ങളുടെ നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് ഓരോ കൺവെൻഷൻ സ്ഥലത്ത് നിന്നും എൻ.കെ. പ്രേമചന്ദ്രൻ മടങ്ങുന്നത്.

കടുത്ത വെയിലിനെ അവഗണിച്ചും നിറഞ്ഞ സദസാണ് കൺവെൻഷനുകളിൽ. ഒന്നാംഘട്ട പര്യടനത്തിൽ ജനങ്ങളിൽ നിന്ന് ആവേശകരമായ സ്വീകരമാണ് ലഭിച്ചതെന്ന് യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി ചെയർമാൻ എം.എം.നസീറും ജനറൽ കൺവീനർ കെ.എസ്.വേണുഗോപാലും പറഞ്ഞു.