akhil-babu

കൊല്ലം: അവധിക്ക് നാട്ടിൽ വന്നശേഷം മടങ്ങിയ സൈനികൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊട്ടാരക്കര താഴത്തുകുളക്കട സുദർശനത്തിൽ സുദർശന ബാബുവിന്റെ (വിമുക്ത ഭടൻ) മകൻ എസ്.അഖിൽ ബാബുവാണ് (33) മരിച്ചത്. കരസേനയിൽ 21 എൻജിനിയറിംഗ് റെജിമെന്റിലെ ഉദ്യോഗസ്ഥനാണ്​. ബംഗളുരുവിൽ നിന്ന് ലേയിലേക്ക് പോകവെ ഇന്നലെ രാവിലെ 11.30ന് നവീമുംബയ് പൻവെൽ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ട്രെയിനിൽ നിന്ന് പുറത്തിറങ്ങി ആഹാരം വാങ്ങി തിരിച്ചു വരമ്പോഴേക്കും ട്രെയിൻ വിട്ടു. ഓടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ടു.ട്രെയിൻ ശരീരത്തിൽ കൂടി കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ശനിയാഴ്ചയാണ് അഖിൽ ബാബു താഴത്തുകുളക്കടയിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടത്. 14 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്ന അഖിൽ മദ്രാസ് റെജിമെന്റ് എൻജിനിയർ ഗ്രൂപ്പിലായിരുന്നു ജോലി ചെയ്തുവന്നത്. ലേയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നാണ് അവധിക്ക് നാട്ടിൽ വന്നത്. ഭാര്യ: വി.എസ്.രശ്മി. മക്കൾ: ആയുഷ് അഖിൽ, ആദവ് അഖിൽ. മാതാവ്: ശ്രീജാമ്മ ബാബു. സഹോദരൻ: അതുൽ ബാബു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാട്ടിലെത്തിക്കും.