പുന്നല: കടശേരി തേക്കുമലയിലെ കേരളാ വനം വികസന കോർപ്പറേഷന്റെ ഒന്നേകാൽ ഹെക്‌ടറിലെ അക്കേഷ്യ തോട്ടത്തിലുണ്ടായ കാട്ടുതീ ഇന്നലെ രാവിലെയോടെ നിയന്ത്രണ വിധേയമായി. ഏകദേശം 1240 ഹെക്‌ടറിലുള്ള കോർപ്പറേഷന്റെ സ്ഥലത്ത് 2004ൽ നട്ട അക്കേഷ്യമരത്തോട്ടത്തിൽ ഞായറാഴ്‌ച്ച വൈകിട്ട് 5.30 ഓടെയാണ് തീ ആദ്യം കണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നതിനാൽ കോർപ്പറേഷന്റെ വാച്ചർമാർക്ക് തീ കെടുത്താൻ അവിടെ എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തീ മറ്റ് തോട്ടങ്ങളിലേക്ക് പടരുന്നത് തടയാനുള്ള ക്രമീകരണങ്ങൾ രാത്രി തന്നെ ഏർപ്പെടുത്തിയ ശേഷം ഇന്നലെ രാവിലെ 10 വാച്ചർമാരുടെ ശ്രമകരമായ പ്രവർത്തനങ്ങളെ തുടർന്ന് തീ അണയ്‌ക്കുകയായിരുന്നു.കാട്ടുമൃഗങ്ങളെ പേടിച്ചു വനാതിർത്തിയോടു ചേർന്ന ആരെങ്കിലും ബോധപൂർവം തീയിട്ടതാണെന്ന സംശയമുണ്ട്.ഒരേ സമയത്ത് രണ്ടര കിലോമീറ്ററിനുള്ളിൽ വ്യത്യസ്‌ത സ്ഥലങ്ങളിൽ തീ പിടിച്ചത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. അക്കേഷ്യ തോട്ടത്തോടു ചേർന്നുള്ള മുളങ്കാട്ടിൽ നിന്നുണ്ടായ തീ വൃക്ഷങ്ങൾക്ക് നാശമുണ്ടാക്കിയില്ല .അടിക്കാടാണ് പൂർണമായും കത്തിയമർന്നതെന്ന് വനം വികസന കോർപ്പറേഷൻ അധികൃതർ പറയുന്നു.
ഫയർ ബെൽറ്റും കൗണ്ടർ ഫയറും
ഈ സമയം ഫയർ ബെൽറ്റൊരുക്കിയാണ് വാച്ചർമാർ തീയെ പ്രതിരോധിച്ചത്.തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സ്ഥലത്തെ കരിയില ഉൾപ്പടെ ചപ്പുചവറുകൾ ദ്രുതഗതിയിൽ നീക്കിയാണ് ഫയർബെൽറ്റൊരുക്കുക. ചില അവസരങ്ങളിൽ കൗണ്ടർ ഫയറും സൃഷ്‌ടിക്കാറുണ്ട്. വെടിപ്പാക്കിയ ഫയർബൈൽറ്റിൽ ബോധപൂർവം തീ സൃഷ്‌ടിക്കുന്ന പ്രതിഭാസമാണത്രെ കൗണ്ടർ ഫയർ.ഇതോടെ മുന്നോട്ട് നീങ്ങാൻ മാർഗമില്ലാതെ കാട്ടുതീ ഫയർബൈൽറ്റിലെ കൗണ്ടർ ഫയറിൽ അവസാനിക്കുമെന്ന് ഫോറസ്‌റ്റ് വാച്ചർമാർ പറയുന്നു.
1240 ഹെക്‌ടർ തോട്ടം
വനം വികസന കോർപ്പറേഷന് സർക്കാർ ദീർഘകാല കരാറിൽ വിട്ടു നൽകിയ 1240 ഹെക്‌ടറിൽ പല തോട്ടങ്ങളിലായി വ്യത്യസ്‌ത വൃക്ഷങ്ങളാണ് വളരുന്നത്.ഇവിടെ തീ പിടുത്തമുണ്ടായാൽ വനം വികസന കോർപ്പറേഷന്റെ വാച്ചർമാരാണ് കെടുത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ വനം വകുപ്പിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡും എത്താറുണ്ട്. തോട്ടം പരിപാലിക്കുന്നതിന് മതിയായ മനുഷ്യവിഭവശേഷി ഇല്ലെന്നും വാച്ചർമാർക്ക് പരാതിയുണ്ട്.