വനപാലകർക്കെതിരെ ബാന‌ർ

ഇടപ്പാളയം : വന്യജീവി ശല്ല്യം രൂക്ഷമായതോടെ ആര്യങ്കാവ് പഞ്ചായത്തിൽ നാട്ടുകാർ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി രംഗത്ത്. വന്യജീവികൾ ജീവനും ജീവനോപാധികൾക്കും ഉയർത്തുന്ന ഭീഷണിക്കും ഇക്കാര്യത്തിൽ ഇടവകാംഗങ്ങൾ പുലർത്തേണ്ടുന്ന ജാഗ്രതയെ കുറിച്ചുമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച കുറുബാനയ്‌ക്ക് ശേഷം ക്രിസ്‌ത്യൻ ദേവാലയങ്ങളിൽ പ്രതിപാദിച്ചത്.

വന്യജീവികൾ കൃഷിക്ക് നാശം വരുത്തിയാൽ പൂർണ ഉത്തരവാദിത്വം വനപാലകർക്കായിരിക്കും എന്ന മുന്നറിയിപ്പോടെ ഇടപ്പാളയത്ത് 130 ഓളം പുരയിടങ്ങളുടെ മതിലുകളിൽ ഞായറാഴ്‌ച്ച ബാനർ സ്ഥാപിച്ചു.ആര്യങ്കാവ് പഞ്ചായത്തിലെ മറ്റിടങ്ങളിൽ ഏകദേശം 500 ചുമരുകളിലും സമാനമായി ബാനറുകൾ പതിച്ചിട്ടുണ്ട്. ആന, പോത്ത്, പന്നി,മലയണ്ണാൻ ,കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളാണ് ആക്രമണകാരികളാകുന്നത്.രാജവെമ്പാലകളെ പരിശീലനം ലഭിച്ചവർ പിടികൂടുന്നെങ്കിലും അവയെ അടുത്ത വനപ്രദേശത്ത് തന്നെ തുറന്നു വിടുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് നാട്ടുകാർ പറയുന്നു.

ആര്യങ്കാവ് ഫോറസ്റ്റ് സ്‌റ്റേഷൻ നേരത്തെ ഇടപ്പാളയത്തായിരുന്നപ്പോൾ ആശ്വാസമായിരുന്നു.ഇപ്പോൾ വനം വകുപ്പിന്റെ ക്വാർട്ടേഴ്‌സ് മാത്രമാണ് ഇവിടെയുള്ളത്.സ്‌റ്റേഷൻ ആര്യങ്കാവിലേക്ക് മാറ്റി. കൃഷി നാശമുണ്ടായാലും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് എങ്ങനെ നഷ്‌ടപരിഹാരം ഇല്ലാതാക്കാമെന്നതാണ് വനംവകുപ്പിന്റെ സമീപനം. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തും.

ജോയി ജോസഫ്

കുടിൽപുരയിടം വീട്

ഇടപ്പാളയം

കൃഷി ഉപജീവന മാർഗമായി കണ്ടിരുന്ന ഒരു വലിയ വിഭാഗം ആര്യങ്കാവ് വിട്ടു പോകുന്നു.റബർ,കപ്പ, നാളികേരം എന്നിവ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. 40 മൂട് തെങ്ങുണ്ടെങ്കിലും വീട്ടാവശ്യത്തിനുള്ള നാളികേരം വിലയ്‌ക്ക് വാങ്ങുന്നു.

വി.ഉത്തമൻ

എസ്.എൻ .ഡി.പി യോഗം കഴുതുരുട്ടി

1174 ാം നമ്പർ ശാഖ പ്രസിഡന്റ്