അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളായി​


കൊല്ലം: മദ്ധ്യവേനൽ അവധിക്ക് മുൻപേ പാഠപുസ്തക വിതരണം വേഗത്തിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ 75 ദിവസം മാത്രമാണ് ബാക്കി. ജില്ലയിൽ 15നാണ് പുസ്തക വിതരണം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 9.69 ലക്ഷം പുസ്തകങ്ങൾ ആദ്യഘട്ട വിതരണത്തിന് എത്തിയിട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ ഒന്നര ലക്ഷം പുസ്തകങ്ങൾ ഇന്നലെ വൈകിട്ട് വരെ വിതരണം ചെയ്തു. പുതിയ സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ രണ്ടാംഘട്ടമായ മേയ് ആദ്യവാരം തന്നെ സ്‌കൂളുകളിലെത്തും. ഒരു അദ്ധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്.

ജില്ലാ ബുക്ക് ഡിപ്പോയ്ക്കാണ് പാഠപുസ്തക വിതരണത്തിന്റെ നേതൃത്വം. ആദ്യഘട്ടത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യും. ഇത് പൂർത്തിയായ ശേഷം അൺഎയ്ഡഡ് സ്‌കൂളുകളിൽ വിതരണം നടത്തും. ജില്ലയിൽ 21 ലക്ഷം പുസ്തകങ്ങളാണ് ആവശ്യം. 9 ലക്ഷം പുസ്തകങ്ങൾ ഡിപ്പോകളിലെത്തി. ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തുന്നത്. ഇവിടെ നിന്നാണ് വിവിധ സ്‌കൂളുകളിലേക്ക് പുസ്തകം വിതരണം ചെയ്യുന്നത്.


തരംതിരിക്കാൻ കുടുംബശ്രീ

ജില്ലാ കേന്ദ്രത്തിലെത്തുന്ന പുസ്തകങ്ങളുടെ തരം തിരിക്കലും വിതരണവും ഏറ്റെടുത്തിരിക്കുന്നത് കുടുംബശ്രീ ജില്ലാമിഷനാണ്. 12 സ്ത്രീകളെ പുസ്തകങ്ങൾ തരം തിരിക്കാനും ആറ് യുവാക്കളെ വിതരണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസവും രാവിലെ 9.30 മുതൽ 5 വരെയാണ് തരംതിരിക്കുന്ന ജോലി. എന്നാൽ ലോഡുകൾ കൂടുതൽ എത്തുമ്പോൾ സമയം നീളും. ഈ പുസ്തകങ്ങൾ മൂന്ന് വാഹനങ്ങളിലാക്കിയാണ് വിവിധ സൊസൈറ്റികളിലെത്തിക്കുന്നത്. വിതരണത്തിനുള്ള യുവാക്കളും വാഹനത്തിനൊപ്പം പോകും. ദിവസം 750 രൂപയാണ് ഇരു വി​ഭാഗക്കാർക്കും കൂലി​. സൂപ്പർവൈസർക്ക് 900 രൂപയും.

എത്രയും വേഗം പുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമി​ക്കുകയാണ്. ആദ്യഘട്ടം പൂർത്തിയാകാറായി.

ജയശ്രീ

ബുക്ക് ഡിപ്പോ സൂപ്പർവൈസർ (കുടുംബശ്രീ)

......................................


ജില്ലയിൽ ആവശ്യമുള്ള പുസ്തകങ്ങൾ: 22 ലക്ഷം

വിതരണത്തിന് എത്തിയത്: 9,69,341

വിതരണം ചെയ്തത്: 1.5 ലക്ഷം