കുന്നത്തൂർ: ഐവർകാലയിൽ കനാൽ വൃത്തിയാക്കി മടങ്ങിയ യുവാക്കൾക്കു നേരെ മദ്യപസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കുന്നത്തൂർ ഐവർകാല നടുവിൽ കെ.ജി സദനത്തിൽ ജിജോ (32),കൊയ്പ്പള്ളിവിള വീട്ടിൽ സുരേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊബൈൽ ഫോണുകളും അക്രമികൾ കവർന്നു. ഞായറാഴ്ച രാത്രി 12നായിരുന്നു സംഭവം. കുടിവെള്ളക്ഷാമം രൂക്ഷമായ കുന്നത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ കനാൽ തുറന്ന് വിട്ടിട്ടും വെള്ളം എത്താതിരുന്നതിനെ തുടർന്ന് വാർഡ് മെമ്പർ രശ്മിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ കനാൽ ശുചീകരിക്കുകയായിരുന്നു. ശുചീകരണം കഴിഞ്ഞ് രാത്രിയിൽ തിരികെ ജിജോയും സുരേഷും ഉൾപ്പെടെയുള്ളവർ കനാൽ തീരത്ത്കൂടി തിരികെ വരുമ്പോഴായിരുന്നു 25 പേരടങ്ങുന്ന മദ്യപസംഘം അപ്രതീക്ഷിത ആക്രമണം നടത്തിയത്.
കനാൽ വൃത്തിയാക്കിയ പണി ആയുധങ്ങൾ യുവാക്കളുടെ കൈയിൽ ഇരുന്നതിനാൽ തങ്ങളെ ആക്രമിക്കാനെത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാകാം യുവാക്കളെയും മറ്റുള്ളവരെയും ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെതുടർന്ന് ശാസ്താംകോട്ട,ഏനാത്ത് എന്നിവിടങ്ങളിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ദീപുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് മർദ്ദനമേറ്റ യുവാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.