കൊട്ടാരക്കര: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽമഴ പെയ്തിറങ്ങി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കൊട്ടാരക്കര മേഖലയാകെ മഴ പെയ്തത്. തുള്ളിക്കൊരുകുടം പേമാരിയെന്നപോലെ ഇത്തിരി നേരം നന്നായി പെയ്തതോടെ മണ്ണും അന്തരീക്ഷവും തണുത്തു. ആഴ്ചകളായി വേനൽച്ചൂടിന്റെ കാഠിന്യത്തിൽ വീർപ്പുമുട്ടുകയായിരുന്നു നാട്ടുകാർ. ഉച്ചവരെയും ചൂടിന് കാഠിന്യമേറി നിന്നതുമാണ്. അപ്രതീക്ഷിതമായി മാനം പെയ്തിറങ്ങിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. എന്നാൽ അപ്രതീക്ഷിത മഴയിൽ വഴിയോരങ്ങളിൽ പെട്ടുപോയവരുമുണ്ട്. പെയ്തത് നല്ല മഴയായതിനാൽ മണ്ണ് കൊത്തിക്കിളച്ച് വിഷുക്കാലകൃഷിക്കും കർഷകർക്ക് തയ്യാറെടുക്കാം.