bus
ചീരങ്കാവ് ജംഗ്ഷനിൽ സീബ്രാ ലൈൻ ഒഴിയാതെ നിറുത്തിയിരിക്കുന്ന സ്വകാര്യ ബസ് .

എഴുകോൺ : നിശ്ചയിച്ച് നൽകിയിട്ടുള്ള സ്റ്റോപ്പിൽ ബസുകൾ നിറുത്താത്തത് ചീരങ്കാവിൽ ഗതാഗത കുരുക്കിന് കാരണമാകുന്നു. ദേശീയ പാതയിൽ പുത്തൂർ - ചീരങ്കാവ് റോഡ് വന്നുചേരുന്ന ജംഗ്ഷനിൽ തന്നെ കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്നതിനാലാണ് തിരക്കും കുരുക്കും ഒഴിവാകാത്തത്. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വരച്ചിട്ടുള്ള സീബ്രാ ലൈനിലാണ് ബസുകൾ നിറുത്തുന്നത്. ഇതിന് നേരേ എതിർവശത്താണ് കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസുകൾക്ക് സ്റ്റോപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഇരുവശത്തും ഒരേ സമയം ബസുകൾ നിറുത്തുന്നതോടെ ദേശീയപാതയിലും പുത്തൂർ റോഡിലും മിനിറ്റുകളോളം ഗതാഗതം സ്തംഭിക്കും.

ചീരങ്കാവ് ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കൊല്ലത്തേക്കുള്ള സ്റ്റോപ്പ്. ഇവിടെ വെയിറ്റിംഗ് ഷെഡുമുണ്ട്.

ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്ക് ഹോം ഗാർഡുകൾ ഉള്ളപ്പോൾ പോലും ഈ സ്റ്റോപ്പ് ഒഴിവാക്കിയാണ് ബസുകൾ നിറുത്തുന്നത്. ദേശീയ പാതയിൽ ചീരങ്കാവിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ തീരുമാനിച്ച സ്റ്റോപ്പിൽ ബസുകൾ നിറുത്താൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.