കേരളകൗമുദി സെമിനാർ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവം
കൊല്ലം: വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ആദ്യക്ഷരങ്ങൾ പോലെ ഉറപ്പിച്ച് കേരളകൗമുദിയുടെയും കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ, ഹോളിക്രോസ് നഴ്സിംഗ് സ്കൂളിൽ ഫയർഫോഴ്സ് കടപ്പാക്കട സ്റ്റേഷൻ ഓഫീസർ ഇ. ഡൊമിനിക് ഉദ്ഘാടനം ചെയ്തു.
ഹോളിക്രോസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെർത്താ പെരെപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ഹോളിക്രോസ് ആശുപത്രി ചീഫ് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ റോസ്ലെറ്റ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷീല എന്നിവർ സംസാരിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഇ. ഡൊമിനിക്, ഫയർ റെസ്ക്യു ഓഫീസർമാരായ ബി.ആർ. വിവേക്, ആർ. രഞ്ജിത്ത്, ഹോം ഗാർഡ് എസ്. സന്തോഷ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. അഞ്ചാം സെമസ്റ്റർ ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ അലീന സെറ ലാലു, അലീന ജോസ് എന്നിവർ ക്ലാസ് സമ്മാനിച്ച അറിവുകൾ വിലയിരുത്തി. നഴ്സിംഗ് കോളേജ് അദ്ധ്യാപകനായ ഗിരീഷ് എസ് പിള്ള സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.
പവർഫുൾ പാഠങ്ങൾ സിമ്പിളാക്കി ഇ. ഡൊമിനിക്
അഗ്നിസുരക്ഷ സെമിനാറിൽ രക്ഷാപ്രവർത്തന പാഠങ്ങൾ ലളിതമായി, രസകരമായി വിദ്യാർത്ഥികളെ പഠിപ്പിച്ച് ഫയർഫോഴ്സ് കടപ്പാക്കട സ്റ്റേഷൻ ഓഫീസർ ഇ. ഡൊമിനിക്. രക്ഷാപ്രവർത്തനങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച അദ്ദേഹം പ്രാഥമിക ശുശ്രൂഷ പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. രക്ഷാപ്രവർത്തന വേളകളിലെ അശ്രദ്ധമായ ഇടപെടലുകൾ അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സുവർണ നിമിഷങ്ങളിൽ പ്രയോഗിക്കേണ്ട രക്ഷാപ്രവർത്തന തന്ത്രങ്ങൾ വിശദീകരിച്ചു. വാഹനാപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും പരിക്കേൽക്കുന്നവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാകാതെയും ആയാസരഹിതമായി ആളുകളെ ദുരന്തമുങ്ങളിൽ നിന്നു രക്ഷപ്പെടുത്താനുള്ള പാഠങ്ങളിലും പ്രായോഗിക പരിശീലനവും നൽകി. ഭൂമിയിലെ മാലാഖമാരായ നഴ്സുമാർക്ക് ദുരന്തമുഖങ്ങളിലും അപകടങ്ങളിലും രക്ഷകരായി മാറാൻ കഴിയുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
ദുരന്തമുഖങ്ങളിൽ നഴ്സുമാർ സന്നദ്ധ സേനയാകണം: ഡോ. ബെർത്താ പെരെപ്പാടൻ
ദുരന്തമുഖങ്ങളിൽ നഴ്സുമാർ സന്നദ്ധ സേവകരായി മാറണമെന്ന് അഗ്നിസുരക്ഷാ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഹോളിക്രോസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെർത്താ പെരെപ്പാടൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകളും രക്ഷാപ്രവർത്തന പാഠങ്ങളും പഠനത്തിന്റെ ഭാഗമായി തന്നെ അഭ്യസിക്കുന്നവരാണ് നഴ്സുമാർ. അവർ ദുരന്തമുഖങ്ങളിലേക്ക് എത്തിയാൽ പ്രാണരക്ഷകരായി മാറും. ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തന ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കണമെന്നും ഡോ. ബെർത്താ പെരെപ്പാടൻ പറഞ്ഞു.
നഴ്സുമാർ ദൈവതുല്യർ: സിസ്റ്റർ റോസ്‌ലെറ്റ്
ഡോക്ടർമാരെപ്പോലെ തന്നെ ദൈവതുല്യരാണ് നഴ്സുമാരെന്ന് ഹോളിക്രോസ് ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ റോസ്‌ലെറ്റ് പറഞ്ഞു. രക്ഷാപ്രവർത്തന വേളകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. രക്ഷാപ്രവർത്തന വേളയിലെ അശ്രദ്ധ ചിലപ്പോൾ ജീവൻ നഷ്ടമാകാൻ ഇടയാക്കും. അതുകൊണ്ട് രക്ഷാ പ്രവർത്തനം ശാസ്ത്രീയമായി തന്നെ പഠിക്കണമെന്നും സിസ്റ്റർ പറഞ്ഞു.
രക്ഷാപ്രവർത്തന വിദ്യാഭ്യാസം വ്യാപകമാക്കണം: സിസ്റ്റർ ഷീല
രക്ഷാപ്രവർത്തന വിദ്യാഭ്യാസം വ്യാപകമാക്കണമെന്ന് ഹോളിക്രോസ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷീല പറഞ്ഞു. സ്കൂളിൽ നിന്നു തന്നെ രക്ഷാപ്രവർത്തന പാഠങ്ങൾ പഠിക്കണം. ദുരന്തങ്ങളും അപകടങ്ങളും എവിടെയാണ്, എപ്പോഴാണ് ഉണ്ടാകുന്നതെന്ന് പറയാനാകില്ല. അവിടേക്ക് ആദ്യമെത്തുന്നത് നാട്ടുകാരായിരിക്കും. അവർക്ക് രക്ഷപ്രവർത്തന പാഠങ്ങൾ ശാസ്ത്രീയമായി അറിയാമെങ്കിൽ നഷ്ടങ്ങൾ ഒരുപാട് കുറയ്ക്കാനാകുമെന്നും സിസ്റ്റർ ഷീല പറഞ്ഞു.