റോഡിലിറങ്ങി നടക്കേണ്ട ഗതികേടിൽ കാൽനടയാത്രക്കാർ
കൊല്ലം: നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ അനധികൃമായി പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടിലായി കാൽനടയാത്രക്കാർ. കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിന് എതിർവശത്തെ നടപ്പാത കയ്യേറിയാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
കാൽ നടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ അടുത്തിടെയാണ് കോർപ്പറേഷൻ നഗരത്തിലെ നടപ്പാതകളെല്ലാം നവീകരിച്ചത്. വാഹനങ്ങൾ നിരത്തി വച്ചിരിക്കുന്നത് മൂലം നടപ്പാതയുടെ ഒരു വശത്ത്കൂടെ മാത്രമേ ഇപ്പോൾ കാൽ നടയാത്ര സാദ്ധ്യമാകുന്നുള്ളു.
രാവിലെയും വൈകിട്ടും റെയിൽവേ സ്‌റ്റേഷനിലെത്തുന്നവരും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും സമീപത്തെ ക്രേവൻ സ്‌കൂളിലെ കുട്ടികളും വയോധികരും ഉൾപ്പെടെ നൂറ്കണക്കിന് പേരാണ് ഇതുവഴി നടന്നു പോകുന്നത്. സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും അമിത വേഗത്തിൽ കടന്ന് പോകുന്ന റോഡിൽ ഇറങ്ങി നടക്കുന്നത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. അനധികൃത പാർക്കിംഗിനെതിരെ യാത്രക്കാർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എത്രയും വേഗം ഫുട്പാത്തിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പാർക്കിംഗ് ഫീസ് കൊടുക്കാൻ മടി
റെയിൽവേസ്‌റ്റേഷൻ രണ്ടാം കവാടത്തിനുള്ളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപയാണ് ഫീസ്. നിശ്ചിത സമയം കഴിയുംതോറും നിരക്ക് വർദ്ധിക്കും . ഇതിൽ നിന്നൊഴിവാകാനാണ് പലരും വാഹനങ്ങൾ ഫുട്പാത്തിൽ പാർക്ക് ചെയ്യുന്നത്. റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള റോഡുകളുടെ വശങ്ങളിലും ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗ് ഉണ്ടെങ്കിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയതും ഫൈൻ ഈടാക്കിയയും കാരണം പാർക്കിംഗ് കുറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ ശ്രദ്ധ ക്രേവൻസ്‌കൂളിന് സമീപത്തെ ഫുട്പാത്തിലേക്ക് പതിയാത്തതാണ് നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.