കൊല്ലം: ജില്ലയുടെ പരിധിയിൽ വരുന്ന കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്‌സഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്ത്, വ്യക്തികൾ ആയുധങ്ങൾ സൂക്ഷിക്കുന്നത് വിലക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ. ദേവിദാസ് ഉത്തരവിറക്കി.

മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം തിരഞ്ഞെടുപ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ലൈസൻസുള്ള ആയുധങ്ങളും സൂക്ഷിക്കരുതെന്ന് അദ്ദേഹം അറിയിച്ചു. ഇനിയുള്ള രണ്ടു മാസം തോക്ക്, കുന്തം, വാൾ മുതലായവ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ് .

ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനും ലൈസൻസ് ഉള്ള തോക്ക് കൈവശം വയ്ക്കാൻ അനുമതിയുള്ളവർക്ക് ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അനുവാദം നൽകും. ബാങ്കുകളിൽ സുരക്ഷാകാര്യങ്ങൾക്കുള്ള ആയുധം കൈവശം വയ്ക്കാം. മത്സരങ്ങളിൽ പങ്കെടുക്കേണ്ട, ദേശീയ റൈഫിൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കായിക താരങ്ങൾക്ക് പ്രത്യേക അനുമതിനേടി ആയുധം കൈവശം വയ്ക്കാം. ആയുധപ്രദർശന അനുമതിയുള്ള, ദീർഘകാല നിയമ പരിരക്ഷനേടിയ വിഭാഗങ്ങളുടെ ആചാരങ്ങൾക്കും അനുമതിയോടെ ആയുധങ്ങൾ കരുതാം. ആയുധങ്ങൾ നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗിച്ചാൽ പിടിച്ചെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.