കൊല്ലം: പരവൂർ പാരിപ്പള്ളി റോഡിൽ ഭജനമഠം മുക്കിലെയും തെറ്റിക്കുളത്തെയും മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. കളക്ടറുടെ നിർദ്ദേശ പ്രകാരം നടന്ന സംയുക്ത സർവേയുടെ അടിസ്ഥാനത്തിൽ വെള്ളക്കെട്ടിന് ഇടയാക്കുന്ന കലുങ്കിന്റെ നവീകരണം ഇന്നലെ ആരംഭിച്ചു.
വെള്ളക്കെട്ടിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,പഞ്ചായത്ത് എ.ഇ മാരും പങ്കെടുത്ത് കലുങ്കിന്റെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള സംയുക്ത സർവ്വേ നടത്താൻ തീരുമാനിച്ചു. ഇതിനെ തുടർന്ന് നടത്തിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കലുങ്കിൽ അടിഞ്ഞു കൂടിയ എക്കൽ മാറ്റാനും കലുങ്കിന്റെ നീളം വർദ്ധിപ്പിക്കാനും ഇരുവശങ്ങളിലും ക്യാറ്റ് പിറ്റ് നിർമ്മിക്കാനും മുകൾഭാഗം 5മീറ്റർ വീതിയിൽ ഇന്റർ ലോക്ക് ചെയ്യാനും തീരുമാനിച്ചു. ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഭജനമഠം മുക്കിൽ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.