ചാത്തന്നൂർ: ശമ്പളം നൽകാത്തതിനെത്തുടർന്ന് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ച് ശമ്പളം നേടിയെടുത്ത് ഹരിത കർമ്മ സേനാംഗങ്ങൾ. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ 45 ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കാഞ്ഞത്. ഇന്നലെ രാവിലെ 10ഓടെ പ്രതിപക്ഷ മെമ്പർമാരുടെയും ബി.ജെ.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ സെക്രട്ടറിയെ കാമ്പിനിൽ ഉപരോധിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് 4ഓടെ സെക്രട്ടറി ഹരിതകർമ്മസേനയുടെ 45 പേർക്കും ശമ്പളം കൊടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. 5 മണിയോടെ എല്ലാവരുടെയും അകൗണ്ടിൽ ശമ്പളം എത്തി.

പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പുതുതായി മൂന്ന് പേരെ ഹരിതകർമ്മ സേനയിൽ നിയമിച്ചത് റിവ്യൂ മീറ്റിംഗിൽ ഹരിത കർമ്മ സേന അംഗങ്ങളും ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും എതിർത്തതാണ് ശമ്പളം പിടിച്ചുവയ്ക്കാൻ കാരണം. ബി.ജെ.പി മെമ്പർമാരായ സുനിത സുനിത്, വസന്തബാലചന്ദ്രൻ, മോനിഷ, അമ്മുമോൾ. യു.ഡി.ഫ് അംഗങ്ങളായ ബിനിതോമസ്, ഷാജഹാൻ സീതാഗോപാൽ, ഗംഗ, അലിയാരുക്കുട്ടി, പി.ഡി.പി അംഗമായ കബീർകുട്ടി, ബി.ജെ.പി നേതാക്കളായ ബൈജു പുതുച്ചിറ, വിജയകുമാർ, വിനോദ്,യു.ഡി.ഫ് നേതാക്കളായ സുധീർ, തോമസ് കുട്ടി, സുരേന്ദ്രൻ, ഫിറോസ് എന്നിവർ പങ്കെടുത്തു.