college

കൊല്ലം: ചാത്തന്നൂരിലെ വിവിധ കോളേജുകളിലായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ ഇന്നലത്തെ പ്രചാരണം. പൂച്ചെണ്ടുകളും രക്തഹാരങ്ങളും മുദ്രാവാക്യം വിളികളുമായി വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ ക്യാമ്പസിലേക്ക് സ്വീകരിച്ചു. ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ ആയിരുന്നു ആദ്യ പര്യടനം.

കോളേജിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളോട് ഗോഡ് ഫാദർ സിനിമയിലെ 'കയറി വാടാ മക്കളേ'എന്ന പഞ്ച് ഡയലോഗോടെയായിരുന്നു മുകേഷ് പ്രസംഗിച്ചു തുടങ്ങിയത്. ഇതോടെ വിദ്യാർത്ഥികൾ ചുറ്റുംകൂടി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. വിദ്യാർത്ഥികളോടും കോളേജ് ജീവനക്കാരോടും കുശലാന്വേഷണം നടത്തി സെൽഫിയുമെടുത്താണ് മടങ്ങിയത്. ചാത്തന്നൂർ എസ്.എൻ കോളേജ്, കൊട്ടിയം എസ്.എൻ പോളിടെക്‌നിക് കോളേജ് എന്നി​വി​ടങ്ങളി​ലും വോട്ട് അഭ്യർത്ഥി​ച്ചു.

എല്ലായിടത്തും വൻ സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ കുടുംബ യോഗങ്ങളിലും കൺവെൻഷനിലും പങ്കെടുത്തു. സ്ഥാനാർത്ഥിക്കൊപ്പം ജി.എസ്. ജയലാൽ എം.എൽ.എ, എൽ.ഡി.എഫ് ചാത്തന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.സേതുമാധവൻ എന്നിവരുമുണ്ടായി​രുന്നു.